സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം: വര്‍ഗീയ ആരോപണങ്ങള്‍ക്ക് കരുത്തുപകരും- കെഎംവൈഎഫ്

Update: 2021-09-05 18:40 GMT

തിരുവനന്തപുരം: വിദ്യാഭ്യാസ, പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി അനുവദിച്ച സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള വിജ്ഞാപനമിറക്കിയതിലൂടെ സര്‍ക്കാര്‍ സംഘപരിവാറിന്റെ പ്രചരണങ്ങള്‍ക്ക് കുടപിടിക്കുകയും മുസ്‌ലിം സംഘടനാ നേതാക്കളുടെ എതിര്‍പ്പുകള്‍ അവഗണിക്കുകയുമാണ് ചെയ്യുന്നതെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയും ജനറല്‍ സെക്രട്ടറി കാരാളി ഇ കെ സുലൈമാന്‍ ദാരിമിയും പറഞ്ഞു.

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിഹിതം 80 ശതമാനത്തില്‍നിന്ന് 59 ശതമാനത്തിലേക്ക് മാറുമ്പോഴും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഒന്നും കുറയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി, അത് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. 80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി വന്ന സാഹചര്യം പൊതുസമൂഹത്തില്‍ വിശദീകരിക്കുകയും അപ്പീല്‍ പോവുകയും ചെയ്യുന്നതിന് പകരം തെറ്റിദ്ധാരണയ്ക്ക് ആക്കം കൂട്ടും വിധമുള്ള സമീപനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്. മുസ്‌ലിം സമുദായത്തെ പ്രതികൂട്ടില്‍ നിര്‍ത്തിയുള്ള വര്‍ഗീയശക്തികളുടെ പ്രചരണങ്ങള്‍ക്ക് ശക്തി പകരാനേ പുതിയ നീക്കങ്ങള്‍ ഉപകരിക്കൂ എന്നും നേതാക്കള്‍ പറഞ്ഞു.

Tags: