നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിന് കൈമാറില്ല; സുപ്രീംകോടതി
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പ്രധാന രേഖയായതിനാല്‍ അത് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് കാണിച്ച് ദിലീപ് ഹരജി നല്‍കുകയായിരുന്നു.
ന്യൂഡല്‍ഹി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറില്ലെന്ന് സുപ്രിംകോടതി. അതേസമയം ദിലീപിനോ അഭിഭാഷകര്‍ക്കോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, അജയ് റോത്തഗി ദിനേഷ് മഹേശ്വരി എന്നിവരടങ്ങുന്ന ബഞ്ചിന്റെതാണ് വിധി.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പ്രധാന രേഖയായതിനാല്‍ അത് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് കാണിച്ച് ദിലീപ് ഹരജി നല്‍കുകയായിരുന്നു. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കിട്ടിയാലേ തന്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍പ്പ് നല്‍കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ആക്രമണത്തിനിരയായ നടി കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
മാത്രമല്ല, മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും അതിനുള്ളിലെ ദൃശ്യങ്ങള്‍ രേഖയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും കൈമാറിയാല്‍ അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ സാധ്യതുണ്ടന്നും പിന്നീട് മറ്റുള്ള പ്രതികളും ഇതേ ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. ഈ വാദങ്ങളുടെ അടിസ്ഥാനത്തിലാണ് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വിധിച്ചത്.