എസ് ബി ഐ ജീവനക്കാരന്‍ ബാങ്ക് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച സംഭവം;സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ തൊഴില്‍ അന്തരീക്ഷം ദാരുണവും, ജീവനക്കാര്‍ക്ക് അങ്ങേയറ്റം പിരിമുറുക്കം സൃഷ്ടിക്കുന്നതെന്ന് ബെഫി കേരള ചാപ്റ്റര്‍.എസ് ബി ഐയില്‍ ജോലി സമ്മര്‍ദ്ദത്തിന്റെ തീവ്രത പാരമ്യത്തിലെത്തി നില്‍ക്കുന്നതായി ഒട്ടനവധി ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്. സര്‍വീസ് ചാര്‍ജ് വര്‍ധനവിലും മറ്റും അവലംബിക്കുന്ന ജനവിരുദ്ധത നിമിത്തം കൗണ്ടറുകളിലിരിക്കുന്ന ജീവനക്കാര്‍ക്ക്, ഇടപാടുകാരില്‍ നിന്ന് വന്‍തോതില്‍ രോഷവും അമര്‍ഷവും ഏല്‍ക്കേണ്ടി വരുന്നു

Update: 2019-02-06 09:53 GMT

കൊച്ചി: എസ് ബി ഐ റീജ്യണല്‍ ഓഫീസ് കെട്ടിടത്തിെന്റ പത്താം നിലയില്‍ നിന്നും ചാടി ബാങ്ക് ജീവനക്കാരന്‍ എന്‍ എസ് ജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍(ബെഫി) രംഗത്ത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ തൊഴില്‍ അന്തരീക്ഷം ദാരുണവും, ജീവനക്കാര്‍ക്ക് അങ്ങേയറ്റം പിരിമുറുക്കം സൃഷ്ടിക്കുന്നതുമാണെന്ന് ബെഫി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ടി നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ എന്നിവര്‍ പറഞ്ഞു.എസ് ബി ഐ യിലെ ജോലി സമ്മര്‍ദ്ദത്തിന്റെ തീവ്രത പാരമ്യത്തിലെത്തി നില്‍ക്കുന്നതായി ഒട്ടനവധി ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്. സര്‍വീസ് ചാര്‍ജ് വര്‍ധനവിലും മറ്റും അവലംബിക്കുന്ന ജനവിരുദ്ധത നിമിത്തം കൗണ്ടറുകളിലിരിക്കുന്ന ജീവനക്കാര്‍ക്ക്, ഇടപാടുകാരില്‍ നിന്ന് വന്‍തോതില്‍ രോഷവും അമര്‍ഷവും ഏല്‍ക്കേണ്ടി വരാറുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.നാനാവിധ തുഗ്ലക് പരിഷ്‌ക്കാരങ്ങള്‍ക്കു തുടക്കമിടാറുള്ള സ്റ്റേറ്റ് ബാങ്കിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങളെയും ജനദ്രോഹ നയത്തേയും നഖശിഖാന്തം എതിര്‍ത്തു പോന്ന ജീവനക്കാരനായിരുന്നു എന്‍ എസ് ജയന്‍. ദീര്‍ഘനാളത്തെ സൈനിക സേവനത്തിനു ശേഷം ബാങ്കില്‍ പ്രവേശിച്ച്, സ്തുത്യര്‍ഹമായ സേവനവും മാതൃകാപരമായ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനവും നടത്തിവരുന്ന അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടതായ യാതൊരു പ്രതികൂല ജീവിത സാഹചര്യവുമില്ല. എന്നു മാത്രമല്ല, കര്‍മ്മധീരനും നല്ല നിശ്ചയദാര്‍ഢ്യവുമുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്ന് സഹപ്രവര്‍ത്തകര്‍ രേഖപ്പെടുത്തുന്നുണ്ട്.

ബാങ്കിന്റെ പ്രവര്‍ത്തി സമയത്താണ് ജോലി ചെയ്യുന്ന ബാങ്ക് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടി ജയന്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇനിയും 9 വര്‍ഷത്തെ സേവന കാലയളവ് ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ജയന്റെ അനന്തരാവകാശിക്ക് സ്റ്റേറ്റ് ബാങ്കില്‍ ആശ്രിത നിയമനം നല്‍്കാന്‍ ബാങ്ക് സന്നദ്ധമാകണം. ജയന്റെ ആത്മഹത്യക്ക് നിദാനമായ കാരണങ്ങള്‍ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും ബെഫി നേതാക്കള്‍ പറഞ്ഞു,. എറണാകുളം മറൈന്‍ ഡ്രൈവ് ഷണ്‍മുഖം റോഡിലെ എസ്ബി ഐ റീജ്യണല്‍ ഓഫിസ് കെട്ടിടത്തില്‍ നിന്നും ചൊവ്വാഴ്ച വൈകിട്ട് 4.15നാണ് ജയന്‍ താഴേക്ക് ചാടിയത്. ഇതേ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന എസ്ബിഐ റീജിയണല്‍ ബിസിനസ് ഓഫിസിലെ (ആര്‍ബിഒ 3) സീനിയര്‍ അസോസിയേറ്റ് ആയിരുന്നു.കെട്ടിടത്തിന്റെ പത്താംനിലയുടെ ടെറസില്‍ ഷൂസും മൊബൈല്‍ ഫോണും വച്ച ശേഷം ബാങ്കിന്റെയും തൊട്ടടുത്ത ജ്വല്ലറിയുടേയും ഇടയിലെ മതില്‍ ഭാഗത്തേക്കു ചാടുകയായിരുന്നു. ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാര്‍ എത്തിയപ്പോഴാണു ഛിന്നഭിന്നമായ നിലയില്‍ ശരീരം കണ്ടത്.ചാടുന്നതിനു തൊട്ടുമുമ്പു മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ആത്മഹത്യയിലേക്ക് നയിക്കാന്‍ ഇടയാക്കിയതു തിരിച്ചറിയാന്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മിഷണര്‍ സുരേഷ് അറിയിച്ചു.


Tags:    

Similar News