ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ സംഭവം: വിധിയെ തോല്‍പ്പിക്കുന്ന പോരാട്ടങ്ങള്‍ അനിവാര്യമെന്ന് സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍

സെഷന്‍സ് കോടതി വിധിക്കെതിരെ ഇരയാക്കപ്പെട്ട കന്യാസ്ത്രിക്കുവേണ്ടി മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കുവാന്‍ യോഗം തീരുമാനിച്ചു.കന്യാസ്ത്രീ സമരത്തിന്റെ ധന്യമായ അനുഭവത്തെ വരാനിരിക്കുന്ന ദിവസങ്ങളിലെ പോരട്ടങ്ങള്‍ക്കായി ഫലപ്രദമായി എങ്ങനെ പ്രയോജനപ്പെടുത്തമെന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി നാളെ വിപുലമായയോഗം ചേരും

Update: 2022-01-14 13:59 GMT

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍ക്കാരം ചെയ്ത കേസ്സില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി വിധി തികച്ചും നിരാശജനകവും അപ്രതീക്ഷിതവുമാണെന്ന്. കൊച്ചിയില്‍ചേര്‍ന്ന സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്രസമിതിയോഗം വിലയിരുത്തി. വിധി അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണെന്നുപറയാതെ വയ്യ. വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷമേ നിയമപരമായ വശങ്ങളെപ്പറ്റി വിശദമായി അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയുകയുള്ളു. സെഷന്‍സ് കോടതി വിധിക്കെതിരെ ഇരയാക്കപ്പെട്ട കന്യാസ്ത്രിക്കുവേണ്ടി മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കുവാന്‍ യോഗം തീരുമാനിച്ചു.കന്യാസ്ത്രീ സമരത്തിന്റെ ധന്യമായ അനുഭവത്തെ വരാനിരിക്കുന്ന ദിവസങ്ങളിലെ പോരട്ടങ്ങള്‍ക്കായി ഫലപ്രദമായി എങ്ങനെ പ്രയോജനപ്പെടുത്തമെന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി നാളെ വിപുലമായയോഗം ചേരുവാനും തീരുമാനിച്ചു

.'നീതിക്കായുള്ള പോരാട്ടം മരണംവരെ തുടരുമെന്ന ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ മുന്നണിപ്പോരാളികളായിരുന്ന കന്യാസ്ത്രീകളുടെ പ്രഖ്യാപനം ആവേശകരമായ സന്ദേശമാണ് നല്‍കുന്നതെന്നും യോഗം വിലയിരുത്തി.സിസ്റ്റര്‍ അഭയ മുതല്‍ ഫ്രാങ്കോയുടെ ആക്രമണത്തിന് വിധേയായ കന്യാസ്ത്രീ വരെയുള്ളവര്‍ സ്വജീവിതം തന്നെ പണയപ്പെടുത്തി നേടിയെടുത്ത ധൈര്യവും, അര്‍പ്പണബോധവും ഒരുതരത്തിലും പുറകോട്ടുപോകാന്‍ അനുവദിക്കരുതെന്നതാണ് സേവ് ഔര്‍ സിസ്റ്റേഴ്‌സിന്റെ മുന്നിലുള്ള പ്രഥമകടമ.

കേരളത്തിന്റെ സമരചരിത്രത്തിലെ ഐതിഹാസികമായ അദ്ധ്യായങ്ങളിലൊന്നാണ് കന്യാസ്ത്രീ സമരം. എറണാകുളത്തെ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുമായി സമരത്തിന് ഇരിക്കുമ്പോള്‍ അതിന്റെ മുന്നോട്ടുള്ള പോക്ക് എന്തായിരിക്കുമെന്ന കാര്യത്തില്‍ സത്യത്തില്‍ വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. വിരലിലെണ്ണാവുന്ന ആളുകളുമായി ആരംഭിച്ച നിരാഹാരസത്യാഗ്രഹസമരപന്തലിലേക്ക് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ ദിവസേന ഒഴുകിയെത്തുകയായിരുന്നു.ഫ്രാങ്കോയുടെ അറസ്റ്റും, മറ്റുള്ള നിയമ നടപടികളും ഭരണാധികാര സംവിധാനത്തിന് ഒഴിവാക്കാനാവില്ലെന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ സമരം നിര്‍ണ്ണായകമായിരുന്നുവെന്നും യോഗം വിലയിരുത്തി.ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷതവഹിച്ചയോഗത്തില്‍ സി ആര്‍ നീലകണ്ഠന്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, അഡ്വ. ജോസ് ജോസ് ജോസഫ്, അഗസ്റ്റിന്‍ വട്ടോളി, പി എ പ്രേംബാബു, ടിസി സുബ്രഹ്മണ്യന്‍, ഷാജഹാന്‍ അബ്ദുള്‍ഖാദര്‍, ഷൈജു ആന്റണി പ്രസംഗിച്ചു.

Tags:    

Similar News