സേവ് ലക്ഷദ്വീപ്; കേരള ജനകീയ കൂട്ടായ്മ രൂപീകരിച്ചു

Update: 2021-05-28 17:39 GMT

കോഴിക്കോട്: ലക്ഷദ്വീപിലെ ജനങ്ങളുടെ സ്വസ്ഥത തകര്‍ക്കുന്ന നിലയിലുള്ള കേന്ദ്രഭരണകൂടത്തിന്റെ ഫാഷിസ്റ്റ് നടപടിക്കെതിരേ ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെയും ലക്ഷദ്വീപിലെയും ജനങ്ങളെ ഉള്‍പ്പെടുത്തി സേവ് ലക്ഷദ്വീപ്- കേരള ജനകീയ കൂട്ടായ്മ രൂപീകരിച്ചു. മത, രാഷ്ട്രീയചിന്തകള്‍ക്കതീതമായി ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, ജസ്റ്റിസ് കെമാല്‍ പാഷ തുടങ്ങിയ നേതാക്കള്‍ രക്ഷാധികാരികളായും മുന്‍ എംപി അഡ്വ. തമ്പാന്‍ തോമസ് ചെയര്‍മാനായുമാണ് ജനകീയ കൂട്ടായ്മക്ക് രൂപം കൊടുത്തിരിക്കുന്നത്. ഭാസുരേന്ദ്ര ബാബു (തിരുവനന്തപുരം), ഡോ. ഷറഫുദ്ദീന്‍ കടമ്പോട്ട് (കോഴിക്കോട്) എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍.

ടി എ മുജീബ് റഹ്മാന്‍ (എറണാകുളം), മനോജ് ടി സാരംഗ് (കണ്ണൂര്‍), മൊയ്ദു താഴത്ത് (കണ്ണൂര്‍), ജിജ ജെയിംസ് മാത്യു, തിരുവനന്തപുരം എന്നിവര്‍ കണ്‍വീനര്‍മാരാണ്. നിഹാസ് വയലാര്‍, ഹുദൈഫ, ലക്ഷദ്വീപ്, ഷമീം, ലക്ഷദ്വീപ് എന്നിവരാണ് ലക്ഷദ്വീപ് കണ്‍വീനര്‍മാര്‍. ലക്ഷദ്വീപിനോടുള്ള അനീതിക്കെതിരേ ഭാവിയില്‍ എറണാകുളം, കോഴിക്കോട് പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയെന്നതും കൂട്ടായ്മയുടെ ഭാഗമാണ്. ഇത്തരമൊരു നടപടിക്കെതിരേ പ്രതികരിക്കേണ്ടത് മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും ബാധ്യതയാണെന്ന് കൂട്ടായ്മ ഓര്‍മപ്പെടുത്തി.

Tags:    

Similar News