വ്യവസായി സാജന്റെ കുടുംബാംഗങ്ങളെയും സിപിഎം പീഡിപ്പിക്കുന്നു: സതീശന്‍ പാച്ചേനി
ആന്തൂര്‍: പ്രവാസി വ്യവസായി സാജനെ ആത്മഹത്യയിലേക്ക് നയിച്ച വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നു കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി.
സാജന്റെ ആത്മഹത്യക്ക് കാരണക്കാരായ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്ന സിപിഎം തീരുമാനം പൊതുസമൂഹത്തിന് അംഗീകരിക്കാനാവില്ല. പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആന്തൂര്‍ നഗരസഭയിലെ ബക്കളത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് ഉടന്‍ പ്രവര്‍ത്തനാനുമതി നല്‍കണം.
സിപിഎമ്മിന്റെ ജില്ലയിലെയും സംസ്ഥാനത്തെയും ഉന്നത നേതാക്കളുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബോധപൂര്‍വ്വം പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരിക്കുകയായിരുന്നു എന്ന് പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. നിയമപരമായി നിലനില്‍ക്കാത്ത സാങ്കേതികത്വത്തിന്റെ പേര്പറഞ്ഞ് പാര്‍ട്ടി നേതാക്കന്മാര്‍ തമ്മില്‍ പക്ഷം ചേര്‍ന്ന് വ്യക്തിപരമായ ഈഗോ നിലനിന്നതിന്റെ പേരിലാണ് സ്ഥാപനത്തിന് അന്തിമ പ്രവര്‍ത്തനാനുമതി നല്‍കാതിരുന്നതാണ്.
കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയെ സമീപിച്ച സാജന്‍, ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം നഗരസഭാ ഭരണാധികാരികളും ജില്ലാ ടൗണ്‍ പ്ലാനറും ഒരുമിച്ച് നടത്തിയ പരിശോധനയിലൂടെ നഗരസഭയില്‍ നല്കിയ പ്ലാനിന് അനുസൃതമായിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും അന്തിമാനുമതി നല്‍കാന്‍ മറ്റ് തടസ്സങ്ങളില്ലെന്നും കണ്ടെത്തി തീരുമാനത്തിലെത്തിയിരുന്നു.
ഇത് വീണ്ടും അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത്.
സ്ഥലം എംഎല്‍എ ജെയിംസ് മാത്യു നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കാത്ത പ്രസ്തുത വിഷയത്തെക്കുറിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുകയും പ്രസ്തുത പരാതി സൂപ്രണ്ടിങ് എഞ്ചിനിയര്‍ക്ക് മന്ത്രി ഫോര്‍വേഡ് ചെയ്യുകയും ചെയ്തതാണ്. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ നഗരസഭാ ചെയര്‍പേഴ്‌സന്റെ ഭര്‍ത്താവ് മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയെ സ്വാധീനിച്ച് എംഎല്‍എ നല്‍കിയ പരാതി പരിഗണിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കുകയാണ് ഉണ്ടായിട്ടുള്ളത്. താന്‍ വിശ്വസിച്ച പാര്‍ട്ടിയും അതിലെ നേതാക്കളും തന്റെ സ്ഥാപനത്തെ തകര്‍ക്കാനും അനുമതി നല്‍കാതിരിക്കാനും മല്‍സരബുദ്ധിയോടെ പ്രവര്‍ത്തിച്ചത് ബോധ്യപ്പെട്ട സാജന്‍ ആ മനോവിഷമം മൂലമാണ് മരണത്തില്‍ അഭയം തേടിയത്. സിപിഎം നേതാക്കള്‍ തമ്മിലുള്ള കിടമല്‍സരത്തില്‍ വ്യവസായിയായ സാജന്‍ ബലിയാടാവുകയാണ് ചെയ്തത്.
വ്യവസായിയുടെ മരണത്തിന് ശേഷം ആന്തൂര്‍ നഗരസഭാ സെക്രട്ടറിയെയും മൂന്ന് ഉദ്യോഗസ്ഥരെയും വീഴ്ചയുടെ പേരില്‍ സസ്‌പെന്റ് ചെയ്ത ഗവണ്‍മെന്റ് സിപിഎമ്മിന് വേണ്ടി വിനീതവിധേയനായി പ്രവര്‍ത്തിക്കുന്ന മട്ടന്നൂര്‍ നഗരസഭാ സെക്രട്ടറിക്ക് സമീപത്ത് മറ്റ് നഗരസഭാ സെക്രട്ടറിമാര്‍ ഉണ്ടായിട്ടും ആന്തൂര്‍ നഗരസഭയുടെ അധികചാര്‍ജ്ജ് കൂടി ഇപ്പോള്‍ നല്കിയിരിക്കുന്നത് പൊടിക്കൈകള്‍ ചെയ്ത് മുഖം മിനുക്കാനുള്ള ശ്രമത്തിന് വേണ്ടി മാത്രമാണ്.
സാജന്റെ സ്ഥാപനത്തിന് അനുമതി നല്‍കാതിരിക്കാന്‍ കാരണങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഇപ്പോള്‍ വേഷം കെട്ടുകയാണ് ഈ പുതിയ ചാര്‍ജ്ജുള്ള നഗരസഭാ സെക്രട്ടറി.
സിപിഎമ്മിന് എതിരായുണ്ടായ ജനരോഷം ലഘൂകരിക്കാന്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നാടകം കളിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്.
ജില്ലാ ടൗണ്‍ പ്ലാനര്‍ പരിശോധിച്ച് കണ്ടെത്താന്‍ കഴിയാത്ത കാര്യം സാങ്കേതിക കാര്യങ്ങളില്‍ ടാണ്‍ പ്ലാനറുടെ അത്രയൊന്നും ഗ്രാഹ്യമില്ലാത്ത നഗരസഭാ സെക്രട്ടറി കണ്ടെത്തി എന്നത് തന്നെ ശുദ്ധ അസംബന്ധവും കണ്ടെത്തി എന്ന് പറയുന്ന ന്യൂനത തന്നെ വെറുംവാദത്തിന് പറയാന്‍ പറ്റുന്ന ഗൗരവമില്ലാത്തതുമാണ്.
സിപിഎം നേതാക്കളുടെ ചക്കളത്തി പോരാട്ടത്തില്‍ ബലിയാടാകേണ്ടി വന്ന വ്യവസായി സാജന്റെ സ്ഥാപനത്തിന് ഉടന്‍ അനുമതി നല്‍കണം. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പോലിസ് അന്വേഷണം എന്ന പേരില്‍ കുടുംബാംഗങ്ങളെപ്പോലും ഇപ്പോള്‍ ബുദ്ധിമുട്ടിക്കുകയാണ്.
ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണപരത്താന്‍ ഒരു വിഭാഗം സിപിഎം നേതാക്കളുടെ ചട്ടുകമായി പോലിസ് പ്രവര്‍ത്തിക്കുന്നു. സാജന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ ഒന്നില്‍ കൂടുതല്‍ തവണകളായി താല്‍പര്യം കാണിച്ച പോലിസ്, നാടൊന്നാകെ സാജന്റെ മരണവുമായി ബന്ധപ്പെട്ട് ആക്ഷേപിച്ച നഗരസഭാ ചെയര്‍പേഴ്‌സന്റെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
ജനമനസ്സറിയാത്ത സി പി എമ്മിലെ ഒരു വിഭാഗം നേതാക്കളുടെ ഗൂഢ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോലിസ് വേഷം കെട്ടുകയാണെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്കും. ജുലൈ 5 ന് രാവിലെ 10ന് കലക്ട്രേറ്റിന് മുന്‍പില്‍ സാജന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ ശുദ്ധവായു ആന്തൂരിലേക്ക് എത്തിക്കാന്‍ ആന്തൂര്‍ നഗരസഭയില്‍ 2019 ജൂലൈ13, 14 തിയ്യതികളില്‍ പദയാത്ര നടത്തുമെന്നും സതീശന്‍ പാച്ചേനി അറിയിച്ചു.

