'പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം' ; ഗവേഷക വിദ്യാര്‍ഥിക്കെതിരേ ജാതി അധിക്ഷേപം

Update: 2025-11-07 08:11 GMT

തിരുവനന്തപുരം: ഗവേഷണ വിദ്യാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ കേരള സര്‍വകലാശാലയിലെ ഡീനിനെതിരെ പരാതി നല്‍കി വിപിന്‍ വിജയന്‍. ഡീന്‍ ഡോ. സി എന്‍ വിജയകുമാരി ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. നിരന്തര വിവേചനം നേരിട്ടുവെന്ന് പരാതിയില്‍ വിപിന്‍ വിജയന്‍ പറഞ്ഞു. കഴക്കൂട്ടം എസ്പിക്കാണ് പരാതി നല്‍കിയത്.

നിരവധി തവണ ജാതി അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അന്ന് പ്രതികരിക്കാതിരുന്നത് തനിക്ക് പിഎച്ച്ഡി ലഭിക്കാതിരിക്കുന്നതിന് കാരണമാകുമെന്ന് ഭയന്നാണെന്ന് വിപിന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയിരുന്നു. സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞാണ് വിപിന്റെ ഗവേഷണ പ്രബന്ധത്തിന് അനുമതി നല്‍കാതെ തടഞ്ഞത്. ബി എ, എംഎ, ബിഎഡ്, എംഎഡ്, എം ഫില്‍ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള ആള്‍ക്ക് എങ്ങനെയാണ് സംസ്‌കൃതം അറിയാത്തതെന്ന് വിപിന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു.

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയാണ് അധ്യാപിക വിജയകുമാരി. അക്കാദമികമായ കാര്യം മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നും സര്‍വകലാശാലയുടെ വിനീതവിധേയയാണെന്നും വിജയകുമാരി പ്രതികരിച്ചു. കുട്ടികളുടെ നന്മയാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജാതിയധിക്ഷേപത്തെ കുറിച്ച് വിജയകുമാരി കാര്യമായി പ്രതികരിച്ചില്ല.

'ജാതിയധിക്ഷേപം ഒരു തരത്തിലും ബാധിക്കില്ല. ആ വിഷയത്തിലേക്ക് ഞാന്‍ വരുന്നില്ല. ഞാന്‍ പൂണൂലിട്ട വര്‍ഗത്തില്‍പ്പെട്ടത് ആഗ്രഹിച്ചത് കൊണ്ടല്ല. ഇതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറാവുന്ന കാലമാണ്. ഈ വിവാദമായ വിഷയത്തിലേക്ക് ഒരു ശതമാനം പോലും വ്യാകുലതപ്പെടില്ല. പോരായ്മ എവിടെ കണ്ടാലും ആരെന്ന് നോക്കാതെ ഡീന്‍ എന്ന നിലയില്‍ പറയും. ജാതിയധിക്ഷേപം നടത്തിയെന്ന ആരോപണം ഒരു വിഷയമേ അല്ല. ആ വിഷയത്തില്‍ ഇടപെടില്ല. സര്‍വകലാശാല എന്ത് നടപടിയെടുത്താലും അംഗീകരിക്കും. കാലം തെളിയിക്കട്ടെ. ജാതിയധിക്ഷേപ പരാതിയില്‍ ഒന്നും പറയാനില്ല. ഞാന്‍ ധര്‍മപക്ഷത്ത് നില്‍ക്കുന്നയാളാണ്', അധ്യാപികപറഞ്ഞു.







Tags: