വള്ളിക്കുന്നില്‍ ലീഗ് പ്രവര്‍ത്തകനടക്കം രണ്ടുപേര്‍ക്ക് നേരേ സംഘപരിവാറിന്റെ ആള്‍ക്കൂട്ട ആക്രമണം (വീഡിയോ)

ഞായറാഴ്ച രാത്രി 10.30 ഓടെയാണ് വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ച് ഇരുവരും ആക്രമണത്തിനിരയായത്. പാചകത്തൊഴിലാളിയായ ശറഫുദ്ദീന്‍ തന്റെ പണിക്കാരനായ നവാസിനെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരു സുഹൃത്തിന്റെയടുത്തെത്തിക്കാന്‍ ബൈക്കില്‍ പോയതായിരുന്നു.

Update: 2020-02-04 02:16 GMT

പരപ്പനങ്ങാടി: വള്ളിക്കുന്നില്‍സംഘപരിവാറിന്റെ ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരപ്പനങ്ങാടി നഗരസഭാ 40ാം ഡിവിഷന്‍ മുസ്‌ലിം ലീഗ് സെക്രട്ടറി അങ്ങാടി കടപ്പുറത്തെ യാറുക്കാന്റെപുരയ്ക്കല്‍ ശറഫുദ്ദീന്‍(40), തൊട്ടടുത്തെ പ്രദേശത്തുകാരനായ നവാസ് (20) എന്നിവരാണ്ആക്രമണത്തിനിരയായത്. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ച് ഇരുവരും ആക്രമണത്തിനിരയായത്. പാചകത്തൊഴിലാളിയായ ശറഫുദ്ദീന്‍ തന്റെ പണിക്കാരനായ നവാസിനെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരു സുഹൃത്തിന്റെയടുത്തെത്തിക്കാന്‍ ബൈക്കില്‍ പോയതായിരുന്നു. ഈ സമയം പ്രദേശത്ത് ആര്‍എസ്എസ്സിന്റെ ആയുധപരിശീലനമുള്ള ശാഖ നടക്കുന്നുണ്ടായിരുന്നു.


 എന്തിനാണ് വന്നതെന്നും പേര് ചോദിച്ചുമായിരുന്നു ആക്രമണം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇറക്കിയ ഉടന്‍ കാവിമുണ്ടുകളും ട്രൗസറുകളും ധരിച്ച 100ലധികം വരുന്ന സംഘപരിവാര്‍ അക്രമികള്‍ വളയുകയും റെയില്‍വേ ചാമ്പ്രയിലെഇരുട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും ഇരുമ്പുപൈപ്പുകളും മറ്റുമുപയോഗിച്ച് അടിച്ചുവീഴ്ത്തുകയുമായിരുന്നു. ഉടന്‍ ശറഫു തന്റെ മൊബൈലെടുത്ത് ഞാന്‍ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വലിയൊരു ആക്രമണത്തിനിരയാവുകയാണെന്ന് ജ്യേഷ്ഠനെ വിവരമറിയിച്ചെങ്കിലുംസംസാരം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അക്രമികള്‍ മൊബൈല്‍ പിടിച്ചുവാങ്ങി. കൈയിലുണ്ടായിരുന്ന 9000 രൂപ പിടിച്ചുവാങ്ങി തന്റെ ഷര്‍ട്ടും മുണ്ടും ഊരിയെടുത്തതായും ശറഫുദ്ദീന്‍ പറഞ്ഞു. പിന്നീട് തലപൊട്ടി രക്തം വാര്‍ന്ന ശറഫുവിനെ മുണ്ടുകൊണ്ട് അടുത്തുള്ള തെങ്ങില്‍കെട്ടി വീണ്ടും മര്‍ദിച്ചു.


 നവാസിനെയും സംഘം ക്രൂരമര്‍ദനത്തിനിരയാക്കി. ചുറ്റും കൂടിയവരോട് എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചെങ്കിലുംമറുപടി പറയാതെ അവര്‍ മര്‍ദനം തുടര്‍ന്നതായി ഇരുവരും പറയുന്നു. സംഘത്തിലെ ചിലര്‍ മോഷ്ടിക്കാന്‍ വന്നാതാണല്ലേ എന്ന് ആക്രോശിച്ചാണ് അക്രമം അഴിച്ചുവിട്ടത്. അവശനായ നവാസിനെയും തെങ്ങിന്റെ മറുവശത്ത് കെട്ടിയിട്ടു.അപ്പോഴേക്കും ശറഫുവിന്റെ ജ്യേഷ്ഠനും ജ്യേഷ്ഠന്റെ മകനും സ്ഥലത്തെത്തി.

Full View

എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ജ്യേഷ്ഠന്റെ മകന്‍ സഹദി(18)യും അക്രമിസംഘം മര്‍ദിച്ചു. വിവരമറിഞ്ഞ് പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തിയപ്പോള്‍ അക്രമികള്‍ പലവഴിക്കായി ഓടിരക്ഷപ്പെട്ടു. പോലിസാണ് തെങ്ങിലെ കെട്ടഴിച്ചശേഷം ഇരുവരെയും ആദ്യം തിരൂരങ്ങാടി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചതെന്ന് ശറഫു പറഞ്ഞു.


Full View

അക്രമിക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും അക്രമികള്‍തന്നെ വാട്‌സ് ആപ്പിലും മറ്റു സോഷ്യല്‍ മീഡിയകളിലും പ്രചരിപ്പിക്കുന്നുണ്ട്. തക്കസമയത്ത് പോലിസ് എത്തിയതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ശറഫു പറഞ്ഞു. ശറഫുദ്ദീന്റെ തലയ്ക്ക് തുന്നിട്ടിട്ടുണ്ട്. ചുണ്ടും പൊട്ടിയിട്ടുണ്ട്. നവാസിന്റെ കാലിന്റെ എല്ല് പൊട്ടി പ്ലാസ്റ്ററിട്ടിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനില്‍പരാതി നല്‍കി. എന്നാല്‍, ആക്രമികളുടെ വിവരം നല്‍കാത്തത് കാരണം കേസെടുക്കാന്‍ കഴിയില്ലെന്ന് പരപ്പനങ്ങാടി പോലിസ് അറിയിച്ചതായി മര്‍ദനത്തിന് ഇരയായവര്‍ പറയുന്നു. 

Tags:    

Similar News