പോലിസുദ്യോഗസ്ഥനെ 'പ്രതി'യാക്കി സംഘപരിവാര്‍; വ്യാജപ്രചാരണം പൊളിച്ച് കേരളാ പോലിസ്

ചിത്രത്തിലുള്ള ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം എസ്എപി ക്യാംപിലെ പോലിസ് കോണ്‍സ്റ്റബിള്‍ അസിം എം ഷിറാസാണ്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും കേരള പോലിസ് കുറിപ്പില്‍ വ്യക്തമാക്കുന്നു.

Update: 2019-07-24 19:31 GMT

കോഴിക്കോട്: യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് ഉദ്യോഗസ്ഥനെതിരേ സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ നടത്തുന്ന പ്രചാരണം വ്യാജമെന്ന് വ്യക്തമായി. കേരളാ പോലിസിന്റെ ഔദ്യോഗിക ഫെസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സംഘപരിവാര്‍ പ്രചാരണങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടുന്നത്. 'സംശയിക്കണ്ട. ഇത് ശിവരഞ്ജിത്. യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐക്കാരനെ കുത്തിയ എസ്എഫ്‌ഐ നേതാവ്. സന്നിധാനത്ത് ഭക്തജനങ്ങളെ കൈകാര്യം ചെയ്യാന്‍ പിണറായി ഇവനെ പോലിസ് വേഷത്തില്‍ പോലിസുകാരുടെ ഇടയില്‍ തിരുകിക്കയറ്റി അയച്ചതാണ്. ഇവന്‍ പിഎസ്‌സി പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമത്.


പ്രത്യുപകാരമാണ്. ഭക്തരെ തല്ലിയതിനും ഹിന്ദുത്വത്തെ ചവിട്ടിമെതിച്ചതിനും. ഇനിയും ഉറക്കെ വിളിക്കണം സഖാവേ, ഇന്‍ക്വിലാബ് സിന്ദാബാദ്. ലാല്‍ സലാം' എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 22 മുതല്‍ Jayakumar Hari എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് ചിത്രം പ്രചരിപ്പിച്ചത്. ഈ ചിത്രത്തില്‍ ചുവപ്പുനിറത്തിലുള്ള വട്ടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് പോലിസ് ഉദ്യോഗസ്ഥനല്ല, പകരം യൂനിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിയ എസ്എഫ്‌ഐ നേതാവ് ശിവരഞ്ജിത്താണെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു.

ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പോസ്റ്റ് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്. ഇതോടെയാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വിശദീകരണവുമായി കേരള പോലിസ് രംഗത്തെത്തിയത്. തിരുവനന്തപുരത്ത് പിഎസ്‌സി ആസ്ഥാനത്ത് നടന്ന ഉപരോധസമരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ യൂനിവേഴ്‌സിറ്റി കോളജ് കേസിലെ പ്രതിയാണെന്ന തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചിത്രത്തിലുള്ള ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം എസ്എപി ക്യാംപിലെ പോലിസ് കോണ്‍സ്റ്റബിള്‍ അസിം എം ഷിറാസാണ്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും കേരള പോലിസ് കുറിപ്പില്‍ വ്യക്തമാക്കുന്നു. 

Tags:    

Similar News