ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്

Update: 2021-09-18 11:35 GMT

തിരുവനന്തപുരം: പ്രശസ്ത സാഹിത്യ നിരൂപക ഡോ.എം ലീലാവതിക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് ഫെലോഷിപ്പ്. വിവിധ ഭാഷകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികള്‍ക്കാണ് ബഹുമതി നല്‍കുന്നത്. പതിറ്റാണ്ടുകളായി സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഡോ. എം ലീലാവതി.

2008 ലെ പത്മശ്രീ പുരസ്‌കാരമടക്കം ധാരാളം ബഹുമതികള്‍ക്ക് ഇവര്‍ അര്‍ഹയായിട്ടുണ്ട്. മലയാള സാഹിത്യനിരൂപണമേഖലയിലെ എടുത്തുപറയാവുന്ന സ്ത്രീസാന്നിധ്യമാണ് ഡോ. എം ലീലാവതിയുടേത്. 40കളിലാണ് അവര്‍ മലയാളസാഹിത്യത്തിലേക്കു കടക്കുന്നത്. ജി ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ച കുട്ടികൃഷ്ണമാരാരെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അത്.

കഥാപാത്രങ്ങളുടെ സാമൂഹികപശ്ചാത്തലം, സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍ വ്യക്തി എന്ന നിലയിലുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ നിരൂപണത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന ശൈലി അവരുടെ പ്രത്യേകതയാണ്. കാവ്യനിരൂപണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ടീച്ചര്‍ കവിത, നോവല്‍, ചെറുകഥ, മറ്റു സാഹിത്യശാഖകള്‍, വേദാന്തം എന്നിവയെ മുന്‍നിര്‍ത്തിയും നിരൂപണങ്ങള്‍ നടത്തിയിട്ടുണ്ട്.

Tags: