ശബരിമല റിവ്യൂ ഹരജി: നായര്‍ ഭവനങ്ങളില്‍ വഴിപാട് നടത്താന്‍ എന്‍എസ്എസ് സര്‍ക്കുലര്‍

നായര്‍ ഭവനങ്ങള്‍ക്കു സമീപത്തെ ക്ഷേത്രങ്ങളില്‍ മാത്രം നടത്താനുള്ള നിര്‍ദേശം ജാതി വിവേചനമാണെന്ന വിമര്‍ശനത്തിനിടയാക്കുമെന്നാണു സൂചന

Update: 2019-02-03 10:47 GMT
കണ്ണൂര്‍: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച റിവ്യൂ ഹരജി സുപ്രിംകോടതി പരിഗണിക്കുന്ന ദിവസം നായര്‍ ഭവനങ്ങളിലെ സമീപത്തുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താന്‍ എന്‍എസ്എസ് നിര്‍ദേശം. ഇതുസംബന്ധിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ താലൂക്ക് യൂനിയന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും സര്‍ക്കുലറയച്ചു. 2019 ഫെബ്രുവരി ഒന്നിനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. 'ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യ ഹരജി സുപ്രിംകോടതി 2019 ഫെബ്രുവരി 6നു ബുധനാഴ്ച പരിഗണിക്കുകയാണ്. അന്നേദിവസം എല്ലാ നായര്‍ ഭവനങ്ങളില്‍ നിന്നും സമീപത്തുള്ള ക്ഷേത്രത്തില്‍ യാഥാശക്തി വഴിപാടുകള്‍ കഴിച്ച് പ്രാര്‍ത്ഥനാനിരിതരായിരിക്കണം എന്ന സന്ദേശം അടിയന്തിരമായി കരയോഗങ്ങള്‍ വഴി കരയോഗ ഭവനങ്ങളിലേക്ക് അറിയിക്കേണ്ടതാണ്. കരയോഗ ഭാരവാഹികളെ ഈ വിവരം അടിയന്തിരമായി അറിയിക്കുകയും അവര്‍ പ്രസ്തുത സന്ദേശം കരയോഗങ്ങളിലേക്ക് എത്തിച്ചു എന്ന് ഉറപ്പുവരുത്തുകയും വേണം'. എന്നാണ് സര്‍ക്കുലറിലുള്ളത്. ചങ്ങനാശ്ശേരിയിലെ ആസ്ഥാനത്തു നിന്ന് ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് സര്‍ക്കുലര്‍ അയച്ചിട്ടുള്ളത്. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച തര്‍ക്കത്തില്‍ എന്‍എസ്എസ് സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷമായി വിമര്‍ശിക്കുകയും പ്രത്യക്ഷസമരത്തില്‍ സംഘപരിവാരിനൊപ്പം അണിനിരക്കുകയും ചെയ്തിരുന്നു. ശബരിമല കര്‍മസമിതി ഒടുവില്‍ നടത്തിയ അയ്യപ്പ സംഗമത്തിലും സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചിരുന്നു. ഇതിനിടെയാണ്, സുപ്രിംകോടതി വിധിയെ ദൈവപ്രീതി കൊണ്ട് നേരിടാന്‍ പ്രാര്‍ഥന നടത്താനും മറ്റും നിര്‍ദേശിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍, നായര്‍ ഭവനങ്ങള്‍ക്കു സമീപത്തെ ക്ഷേത്രങ്ങളില്‍ മാത്രം നടത്താനുള്ള നിര്‍ദേശം ജാതി വിവേചനമാണെന്ന വിമര്‍ശനത്തിനിടയാക്കുമെന്നാണു സൂചന.




Tags: