ശബരിമലയിലെ അക്രമം; ജനം ടിവി റിപോർട്ടർക്കെതിരേ കേസ്

പോലിസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് നടപടി.

Update: 2019-04-08 06:16 GMT

പത്തനംതിട്ട: ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ജനം ടിവി റിപോർട്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പത്തനംതിട്ട ജില്ലാ റിപോര്‍ട്ടര്‍ സി ജി ഉമേഷിനെതിരെയാണ് പോലിസ് കേസെടുത്തത്. പോലിസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് നടപടി. പൈങ്കുനി ഉത്ര സമയത്ത് ശബരിമലയില്‍ എസ്പിയായിരുന്ന സുജിത്ത് ദാസാണ് അറസ്റ്റിന് ഉത്തരവിട്ടത്. എസ്പിയുടെ ഉത്തരവിന് പിന്നാലെ പത്തനംതിട്ടയിലെ ജനം ടിവി ഓഫീസ് പോലിസ് നിരീക്ഷണത്തിലാണ്. പ്രത്യേക പോലിസ് സംഘത്തെയാണ് ഉമേഷിനെ അറസ്റ്റ് ചെയ്യാന്‍ നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഉമേഷിന്റെ വീട്ടിലും പോലിസ് സംഘം എത്തിയതായി പറയുന്നു.

എന്നാൽ, നേരത്തെ പൈങ്കുനി ഉത്രം മഹോൽസവത്തിനിടെ എസ്പി സുജിത്ത് ദാസ് തീർഥാടകനെ മര്‍ദ്ദിച്ചതായും ഈ ദ്യശ്യങ്ങൾ മൊബൈലിൽ പകർത്തി വാർത്ത നൽകുകയും ചെയ്തതിലുള്ള പ്രതികാരമായാണ് കേസ് എടുത്തതെന്നാണ് ജനം ടിവി അധികൃതർ പറയുന്നത്. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോവാനാണ് ഉമേഷിന്റെ തീരുമാനം. അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട ഒരു പരാതിയിൽ ഉമേഷിന്റെ പേര് പറഞ്ഞിട്ടുണ്ടെന്നും അതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പില്ലെന്നും പത്തനംതിട്ട എസ്പിയുടെ ഓഫീസ് അറിയിച്ചു.

Tags:    

Similar News