ശബരിമല തീര്‍ഥാടകര്‍ക്ക് 400 കിലോമീറ്ററില്‍ സുരക്ഷിതയാത്രയൊരുക്കി സേഫ് സോണ്‍

ഇനി തീര്‍ഥാടനകാലം അവസാനിക്കുന്നതുവരെ 400 കിലോ മീറ്റര്‍ വ്യാപ്തിയില്‍ സേഫ് സോണ്‍ പദ്ധതിയുടെ സേവനം തീര്‍ഥാടകര്‍ക്ക് ലഭിക്കും. ഇക്കാലയളവില്‍ നാലുലക്ഷം കിലോമീറ്റര്‍ ദൂരം പട്രോളിങ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ പറഞ്ഞു.

Update: 2019-11-13 04:06 GMT

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് പമ്പയിലും അനുബന്ധപ്രദേശങ്ങളിലും തീര്‍ഥാകടരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി കേരള മോട്ടോര്‍ വാഹനവകുപ്പും കേരള റോഡ് സുരക്ഷാ അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന സേഫ് സോണ്‍ പദ്ധതിക്ക് തുടക്കമായി. ഇലവുങ്കല്‍ സേഫ്‌സോണ്‍ മെയിന്‍ കണ്‍ട്രോളിങ് ഓഫിസില്‍ നടന്ന ചടങ്ങില്‍ സേഫ് സോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചതോടെയാണ് പദ്ധതിക്ക് തുടക്കമായത്. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് പദ്ധതി തുടരുന്നത്. ഇനി തീര്‍ഥാടനകാലം അവസാനിക്കുന്നതുവരെ 400 കിലോ മീറ്റര്‍ വ്യാപ്തിയില്‍ സേഫ് സോണ്‍ പദ്ധതിയുടെ സേവനം തീര്‍ഥാടകര്‍ക്ക് ലഭിക്കും. ഇക്കാലയളവില്‍ നാലുലക്ഷം കിലോമീറ്റര്‍ ദൂരം പട്രോളിങ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ പറഞ്ഞു.

അപകടരഹിതമായ തീര്‍ത്ഥാടനകാലം ഭക്തര്‍ക്ക് ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. ഇതിലേക്കായി എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലായി രണ്ടു സബ് ഡിവിഷനുകളും പ്രവര്‍ത്തിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് സോണ്‍ പദ്ധതിപ്രകാരം ഇലവുങ്കല്‍, കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങളിലായി 24 സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. 18 പട്രോളിങ് വാഹനങ്ങളും സൂപ്പര്‍വിഷനും മറ്റ് ആവശ്യങ്ങള്‍ക്കായി 21 വാഹനങ്ങളും ഈ പദ്ധതിയുടെ ഭാഗമാവും. അപകടമുണ്ടായാല്‍ അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആശുപത്രികളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ്, പോലിസ് എന്നിവയുടെ ആംബുലന്‍സ് സര്‍വീസുകള്‍ ഉപയോഗിക്കും. വാഹനങ്ങള്‍ തകരാറിലായാല്‍ ഗതാഗതതടസ്സമുണ്ടാവാതെ അവിടെ നിന്നും മാറ്റി സൗജന്യമായി അറ്റകുറ്റപ്പണി നടത്തും. 40 ടണ്‍ ഭാരം വരെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇലവുങ്കല്‍ കേന്ദ്രീകരിച്ച് ടയര്‍ പഞ്ചര്‍/ റിപയര്‍ മൊബൈല്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടാതെ 35 വാഹനനിര്‍മാതാക്കളുടെ 90 മെക്കാനിക്കല്‍ ടീമുകളും പ്രവര്‍ത്തനസജ്ജമാണ്. കഴിഞ്ഞ വര്‍ഷം 8,090 വാഹനങ്ങള്‍ അറ്റകുറ്റപ്പണി ചെയ്തു. റോഡ് സേഫ്റ്റി സോണ്‍ പദ്ധതിക്കായി 75 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നതെന്ന് റോഡ് സേഫ്റ്റി കമ്മീഷണര്‍ ശങ്കര്‍ റെഡി പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാരായ മുരളി കൃഷ്ണന്‍, അജിത് കുമാര്‍, സ്‌പെഷ്യല്‍ ഓഫിസര്‍ പി പി സുനില്‍ ബാബു, നോഡല്‍ ഓഫിസര്‍ ഡി മഹേഷ്, പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് എന്നിവരാണ് സേഫ് സോണ്‍ പദ്ധതിക്ക് നേതൃത്വം വഹിക്കുക. സേഫ് കേരള പദ്ധതിയുടെ ഭാഗമായ 10 എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മാര്‍, 65 മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 187 അസി.മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ സേവനം ഇക്കാലയളവില്‍ വിവിധ ഘട്ടങ്ങളായി ലഭ്യമാവും. 

Tags: