തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; 250 പേർക്ക് മാത്രം പ്രവേശനം
ദർശനത്തിനായി രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം കിട്ടിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും കരുതണം.
തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. ദർശനം സുഗമമായി നടത്തുന്നതിനായി വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്ക് പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദർശനത്തിനായി രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം കിട്ടിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും കരുതണം. പത്ത് വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് ദർശനത്തിന് അനുവാദമുള്ളത്.
ദർശനത്തിന് വരുന്നവർ എല്ലാവിധ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. സാനിറ്റൈസർ, മാസ്ക്, കൈയുറകൾ കൈയിൽ കരുതണം. ഭക്തർ കൂട്ടം ചേർന്ന് സഞ്ചരിക്കരുത്. നിശ്ചിത അകലം പാലിച്ചേ ദർശനത്തിന് എത്താവൂ. ഭക്തർക്ക് വടശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമേ ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കൂ. കൊവിഡ് വന്നുപോയവരാണെങ്കിൽ മല കയറാൻ ആരോഗ്യമുണ്ട് എന്ന് വ്യക്തമാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
