ശബരിമല യുവതി പ്രവേശനം: തന്ത്രിയുടെ വിശദീകരണ കുറിപ്പ് ചോര്‍ന്നത് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും
12 പേജുള്ള വിശദീകരണകുറിപ്പിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് അന്വേഷിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിന് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം: യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ ശുദ്ധിക്രീയ നടത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് തന്ത്രി നല്‍കിയ വിശദീകരണ കുറിപ്പ് ചോര്‍ന്നത് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും. തന്ത്രി വിശദീകരണ കുറിപ്പ് നല്‍കിയതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന വിവരമാണ് അന്വേഷിക്കും. 12 പേജുള്ള വിശദീകരണകുറിപ്പിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് അന്വേഷിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിന് നിര്‍ദേശം നല്‍കി.
യുവതീപ്രവേശനം നടന്നതിന്റെ പേരില്‍ ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ നടപടി ശരിയാണെന്ന് തന്ത്രിയുടെ വിശദീകരണം. തന്റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് ദേവസ്വം അധികാരികളുമായി ആലോചിച്ച ശേഷമാണ് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും. ആചാരപരമായി ശരിയായ നടപടിയാണ് ചെയ്തതെന്നും കണ്ഠര് രാജീവര് കഴിഞ്ഞദിവസം ദേവസ്വംബോര്‍ഡിന് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു.
കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയത് വ്യക്തമായതോടെ നടയടച്ച് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠര് രാജീവരോട് ജനുവരി നാലിനാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയത്. പിന്നീട് രണ്ടാഴ്ച കൂടി സാവകാശം നല്‍കിയിരുന്നു. ദേവസ്വം കമ്മീഷണറുടെ റിപോര്‍ട്ട് കൂടി പരിഗണിച്ച് ലോ ഓഫീസറില്‍ നിന്നും നിയമോപദേശം തേടിയ ശേഷമാവും സംഭവത്തില്‍ തന്ത്രിക്കെതിരേ ബോര്‍ഡ് തുടര്‍നടപടി സ്വീകരിക്കുക.