ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെ പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി: 'നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല'

Update: 2026-01-05 07:27 GMT

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി. 'നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല' എന്ന നിരീക്ഷണം നടത്തിക്കൊണ്ടാണ്, സുപ്രിംകോടതി ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

തന്റെ പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഇത്തരമൊരു പരാമര്‍ശം നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നാണ് ശങ്കരദാസിന്റെ വാദം.

എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്സില്‍ ശങ്കരദാസും ഒപ്പിട്ടിട്ടുണ്ടെന്നും, അങ്ങനെ ഒപ്പിട്ടയാള്‍ ഇപ്പോള്‍ ഇത്തരത്തില്‍ ആവശ്യവുമായി വന്നാല്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി അഭിപ്രായപ്പെട്ടു. ഹരജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി തള്ളി. ഹരജിക്കാരന് വേണമെങ്കില്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.





Tags: