ശബരിമല സ്വര്‍ണക്കൊള്ള; ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പ്രത്യേക അന്വേഷണ സംഘത്തിനും (എസ്‌ഐടി) എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതി ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും ദേവസ്വം ബോര്‍ഡാണ് യഥാര്‍ഥത്തില്‍ ക്രമക്കേട് നടത്തിയതെന്നുമാണ് ഗോവര്‍ധന്റെ പ്രധാന വാദം. സ്വര്‍ണപ്പാളികളെ രേഖകളില്‍ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡാണ്. ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതും ചട്ടവിരുദ്ധമായി അനുമതി നല്‍കിയതും ബോര്‍ഡ് അധികൃതരാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രത്തില്‍നിന്നും സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ, ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ബോര്‍ഡ് പ്രവര്‍ത്തിച്ചുവെന്നും ഇതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും ഗോവര്‍ധന്‍ വാദിക്കുന്നു.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഗോവര്‍ധന്‍ കോടതിയെ അറിയിച്ചു. ശബരിമലയിലെ കാര്യങ്ങള്‍ക്കായി താന്‍ പൂര്‍ണമായും ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ആശ്രയിച്ചിരുന്നത്. ശ്രീകോവിലിലെ വാതില്‍ വെറും ചെമ്പ് പാളികള്‍ മാത്രമാണെന്നും അതില്‍ സ്വര്‍ണം പൂശുന്നത് വലിയ പുണ്യകര്‍മമാണെന്നുമാണ് പോറ്റി തന്നോട് പറഞ്ഞിരുന്നത്. പോറ്റിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും, നടന്നത് വലിയ ചതിയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഗോവര്‍ധന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എസ്‌ഐടി തന്റെ സ്ഥാപനത്തില്‍നിന്നും സ്വര്‍ണം പിടിച്ചെടുത്തത് ഭീഷണിപ്പെടുത്തിയാണ്. ബെല്ലാരിയിലെ ജ്വല്ലറിയില്‍നിന്നും പിടിച്ചെടുത്തത് ശബരിമലയിലെ സ്വര്‍ണമല്ല, മറിച്ച് തത്തുല്യമായ അളവിലുള്ള തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണമാണെന്നും പ്രതി അവകാശപ്പെടുന്നു. അന്വേഷണ സംഘം തന്നെ ബലിയാടാക്കാന്‍ ശ്രമിക്കുകയാണെന്ന സൂചനയാണ് ഹരജി നല്‍കുന്നത്.
