ശബരിമല: ഏഴ് വിഷയങ്ങളിലായി ഒമ്പതംഗ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും

മതപരമായ എല്ലാ ആചാരങ്ങളിലും കോടതി ഇടപെടേണ്ടതില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുമെന്നാണ് റിപോര്‍ട്ടുകള്‍

Update: 2020-02-17 04:06 GMT

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വാദം ഇന്ന് കേള്‍ക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വിഷയത്തില്‍ ബെഞ്ച് പരിഗണിക്കുന്ന ഏഴ് പരിഗണനാ വിഷയങ്ങള്‍ കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയുള്ള അന്തിമവാദമാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചിന് മുമ്പാകെ ഇന്ന് ആരംഭിക്കുക.

നേരത്തെ വിശാല ബെഞ്ചിനെതിരെ ഉയര്‍ന്ന വാദങ്ങള്‍ കോടതി തള്ളിയിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ പരിധിയും വ്യാപ്തിയും എന്താണ് മത സ്വാതന്ത്ര്യത്തിലെ ധാര്‍മ്മികതയുടെ നിര്‍വചനം, മതത്തിനുള്ളിലെ പ്രത്യേക വിഭാഗങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍,

മത സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വ്യക്തികള്‍ക്ക് ഉള്ള അവകാശം, അന്യ മതസ്ഥര്‍ക്ക് ഒരു മതത്തിലെ ആചാരങ്ങള്‍ക്കെതിരേ പൊതു താല്‍പര്യ ഹര്‍ജി നല്‍കാന്‍ ആകുമോ തുടങ്ങി ഏഴ് പരിഗണന വിഷയങ്ങളിലാണ് ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുക.

ശബരിമലക്ക് പുറമെ മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശം, ബോറ സമുദായക്കാരിലെ സ്ത്രീ ചേലാ കര്‍മം, പാഴ്‌സി വിഭാഗക്കാരല്ലാത്തവരെ വിവാഹം കഴിച്ചവര്‍ക്ക് മതചടങ്ങിലെ ബഹിഷ്‌കരണം തുടങ്ങിയ വിഷയങ്ങളും ബെഞ്ച് പരിശോധിക്കും. അതേസമയം, മതപരമായ എല്ലാ ആചാരങ്ങളിലും കോടതി ഇടപെടേണ്ടതില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത മതാചാരങ്ങളില്‍ കോടതി ഇടപെടരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 

Tags: