ശബരിമലയുടെ പേരില്‍ പ്രചാരണം; മോദിക്കെതിരേ പരാതിയുമായി സിപിഎം

എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികള്‍ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നല്‍കിയത്. മോദി കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബംഗളൂരുവിലും മാംഗളൂരിലും തമിഴ്‌നാട്ടിലെ തേനിയിലും നടത്തിയ പ്രസംഗങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.

Update: 2019-04-17 07:06 GMT

തിരുവനന്തപുരം: ശബരിമല പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പില്‍ വോട്ടുതേടിയെന്നാരോപിച്ച് സിപിഎമ്മും എല്‍ഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികള്‍ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നല്‍കിയത്. മോദി കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബംഗളൂരുവിലും മാംഗളൂരിലും തമിഴ്‌നാട്ടിലെ തേനിയിലും നടത്തിയ പ്രസംഗങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങളോ മതമോ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന പെരുമാറ്റച്ചട്ടം മോദി ലംഘിച്ചെന്നും നടപടിയെടുക്കണമെന്നുമാണ് സിപിഎമ്മിന്റെ ആവശ്യം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കുമാണ് സിപിഎം പരാതി കൈമാറിയിരിക്കുന്നത്.

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതെത്തുടര്‍ന്ന് ശബരിമല യുവതീ പ്രവേശനം പറയാതെ പറഞ്ഞും കര്‍മസമിതിയെക്കൊണ്ട് ഉന്നയിപ്പിച്ചുമൊക്കെ നീങ്ങിയിരുന്ന ബിജെപി നരേന്ദ്രമോദിയുടെ കോഴിക്കോട് പ്രസംഗത്തോടെയാണ് വിഷയം സജീവമാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ചട്ടലംഘനമാവുമെങ്കിലും ശബരിമല വിഷയം തുറന്നുപറഞ്ഞ് വോട്ടുപിടിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കേരളത്തിന് പുറത്ത് നടത്തിയ പ്രസംഗങ്ങളിലാണ് മോദി ശബരിമല വിഷയം പ്രചാരണായുധമാക്കിയത്. 

Tags:    

Similar News