നാലുവർഷത്തിനിടെ സ്വകാര്യമെഡിക്കൽ കോളജുകൾക്ക് പഠനത്തിനായി സർക്കാർ നൽകിയത് 327 മൃതദേഹങ്ങൾ
എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ പഠനാവശ്യത്തിന് നൽകിയത് -192 മൃതദേഹങ്ങൾ.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് പഠനാവശ്യത്തിനായി കഴിഞ്ഞ നാലുവർഷം സർക്കാർ നൽകിയത് 327 മൃതദേഹങ്ങൾ. ഒരു കോടി മുപ്പത്തിയൊന്നുലക്ഷം രൂപ പ്രതിഫലമായി കൈപ്പറ്റിയെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ ആവശ്യമായ മൃതദേഹങ്ങളുടെ നാലിലൊന്നുമാത്രമാണ് സർക്കാർ ആശുപത്രികളിൽനിന്ന് മെഡിക്കൽ കോളജുകൾ വാങ്ങിയത്.
സർക്കാർ ആശുപത്രികളിലെ മൃതദേഹങ്ങൾ അഥവാ കഡാവറുകൾ പഠനാവശ്യത്തിനായി സ്വകാര്യമെഡിക്കൽ കോളജുകൾക്ക് നൽകുന്നതിൽ വൻതോതിലുള്ള അഴിമതി ആരോപിച്ച് മുൻകാലങ്ങളിൽ വിവാദങ്ങൾ ഉയർന്നിരുന്നു. 2009ൽ പ്രോപ്പർ ചാനൽ എന്ന സംഘടന ഹൈക്കോടതിയിൽ നൽകിയ കേസിനൊടുവിൽ അജ്ഞാത മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് വിട്ടുനൽകുന്നതിന് നിയമമുണ്ടായി. അതുവരെ എവിടെനിന്ന് കഡാവറുകൾ ശേഖരിക്കുന്നുവെന്ന് സർക്കാരിനുപോലും അറിയില്ലായിരുന്നു. വാദത്തിനൊടുവിൽ മൃതദേഹമൊന്നിന് നാൽപതിനായിരം രൂപ നിരക്കിൽ സർക്കാർ ആശുപത്രികളിൽനിന്നുമാത്രം വാങ്ങാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകി.
ഇടതു സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ പഠനാവശ്യത്തിന് നൽകിയത്. 192 മൃതദേഹങ്ങൾ. കോട്ടയം മെഡിക്കൽ കോളജ് 53, തൃശൂർ 34, കോഴിക്കോട് 21, തിരുവനന്തപുരം18, കണ്ണൂർ 9, ആകെ 327 മൃതദേഹങ്ങൾ. ഒരു കോടി മുപ്പത്തിയൊന്നു ലക്ഷം രൂപയാണ് സർക്കാരിന് ലഭിച്ചത്. പത്ത് വിദ്യാർഥികൾക്ക് ഒരു കഡാവർ വേണം. അജ്ഞാത മൃതദേഹങ്ങളും മെഡിക്കൽ കോളജുകൾക്ക് പഠനാവശ്യത്തിന് ദാനമായി കിട്ടുന്നതുമാണ് ഉപയോഗപ്പെടുത്തുന്നത്.