റോഡ് സുരക്ഷക്കായി പിരിക്കുന്ന തുക വകമാറ്റുന്നതായി വിവരാവകാശ രേഖ

കഴിഞ്ഞ 12 വർഷത്തിനിടെ 894 കോടി രൂപ പിരിച്ചതിൽ റോഡ് സുരക്ഷ അതോറിറ്റിക്ക് ലഭിച്ചത് 177 കോടി രൂപ മാത്രം. മതിയായ ഫണ്ടില്ലാത്തതിനാൽ റോഡ് സുരക്ഷ അതോറിറ്റിയുടെ പദ്ധതികൾ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.

Update: 2020-05-01 08:45 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് സുരക്ഷക്കായി പിരിക്കുന്ന തുക വകമാറ്റി ചെലവഴിക്കുന്നതായി വിവരാവകാശ രേഖ. കഴിഞ്ഞ 12 വർഷത്തിനിടെ 894 കോടി രൂപ പിരിച്ചതിൽ റോഡ് സുരക്ഷ അതോറിറ്റിക്ക് ലഭിച്ചത് 177 കോടി രൂപ മാത്രം. മതിയായ ഫണ്ടില്ലാത്തതിനാൽ റോഡ് സുരക്ഷ അതോറിറ്റിയുടെ പദ്ധതികൾ പാതി വഴിയിൽ നിലച്ചിരിക്കുകയാണ്.

കേരള റോഡ് സുരക്ഷ ആക്ട് 2007 പ്രകാരം റോഡ് സുരക്ഷ ഫണ്ടിനായി 2008 ജനുവരി ഒന്ന് മുതലാണ് വാഹനങ്ങളിൽ നിന്നും തുക ഈടാക്കിതുടങ്ങിയത്. ഹെവി വാഹനങ്ങളിൽ നിന്നും 250 രൂപയും മീഡിയം വാഹനങ്ങളിൽ നിന്ന് 150 രൂപയും നാല് ചക്രവാഹനങ്ങളിൽ നിന്ന് 100 രൂപയും ഇരു ചക്രവാഹനങ്ങളിൽ നിന്നും 50 രൂപയുമാണ് പിരിക്കുന്നത്.

വാഹനവകുപ്പ് പിരിക്കുന്ന തുക സർക്കാരിലേക്ക് നൽകും. പിന്നീട് അത് റോഡ് സുരക്ഷാ അതോറിറ്റിക്ക് കൈമാറും. ഇത്തരത്തിൽ കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ പരിച്ചെടുത്തത് 893 കോടിയിൽപ്പരം രൂപയാണ്. എന്നാൽ റോഡ് സുരക്ഷ അതോറിറ്റിക്ക് ലഭിച്ചതാകട്ടെ 177.12 കോടി രൂപമാത്രം. 716.84 കോടി രൂപ നൽകാനുള്ളതായാണ് രേഖകൾ വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകനായ അഡ്വക്കേറ്റ് ഷാജി ജെ കോടങ്കണ്ടത്ത് നൽകിയ വിവരാവകാശത്തിലാണ് ഇതുസംബന്ധിച്ച മറുപടി ലഭിച്ചത്.

സംസ്ഥാനത്തെ റോഡുകളിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുമ്പോഴും സുരക്ഷക്കായി ചെലവഴിക്കേണ്ട തുക സർക്കാർ റോഡ് സുരക്ഷ അതോറിറ്റിക്ക് നൽകിയിട്ടില്ല. ഫണ്ടിന്റെ അഭാവത്താൽ റോഡ് സുരക്ഷ അതേറിറ്റിയുടെ പ്രധാന പദ്ധതികളെല്ലാം നിലച്ചിരിക്കുകയാണ്.

Tags:    

Similar News