പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്ന് ആര്‍എസ്എസ്

ആർഎസ്എസ് ഉന്നത നേതാക്കളുടേയും പോഷക സംഘടനാ ഭാരവാഹികളുടേയും യോഗത്തിലാണ് വിലയിരുത്തലുണ്ടായത്.

Update: 2019-04-26 11:08 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍. ആർഎസ്എസ് ഉന്നത നേതാക്കളുടേയും പോഷക സംഘടനാ ഭാരവാഹികളുടേയും യോഗത്തിലാണ് വിലയിരുത്തലുണ്ടായത്.

ശബരിമല വിഷയം സംസ്ഥാന തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും വിജയിക്കുമെന്നുമാണ് ഇവരുടെ കണക്കുകൂട്ടല്‍.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറ്റം നടത്തി. തൃശൂരില്‍ സുരേഷ് ഗോപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇവിടെ വിജയിക്കുവാനുള്ള സാധ്യത പ്രതീക്ഷിക്കുന്ന ആര്‍എസ്എസ് പാലക്കാടും ജയസാധ്യത കാണുന്നു.

യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായതായി സംശയമുണ്ട്. ചില മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളുടെ ഏകീകരണം വലത് പക്ഷത്തിന് ഗുണം ചെയ്തപ്പോള്‍ ചില മണ്ഡലങ്ങളില്‍ ഹിന്ദു വിഭാഗത്തിന്റെ ഏകീകരണവും ബിജെപിക്ക് നേട്ടമായി.

യോഗത്തില്‍ ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളും പോഷക സംഘടനകളുടെ ഭാരവാഹികളും സ്ഥാനാര്‍ത്ഥികളായിരുന്ന കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും പങ്കെടുത്തു. അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള യോഗത്തില്‍ പങ്കെടുത്തില്ല.

Tags: