ആർഎസ്എസ് ഓഫിസിന് നേരെ ബോംബേറ്: സമഗ്രാന്വേഷണം വേണം: സിപിഎം

സമാധാനാന്തരീക്ഷം തകർക്കുന്ന നിലപാട് ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും മുഖം നോക്കാതെ നിലപാട് സ്വീകരിക്കേണ്ടതുണ്ട്.

Update: 2022-07-12 13:44 GMT

പയ്യന്നൂർ: പയ്യന്നൂരിലെ ആർഎസ്എസ് ഓഫിസിന് നേരെ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ബോംബേറിൽ സമഗ്രാന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പയ്യന്നൂരിൽ ക്രമസമാധാനം തകർക്കാൻ ചില സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കത്തിൻ്റെ ഭാഗമാണ് ആർഎസ്എസ് ഓഫീസിനു നേരെ നടന്ന ബോംബേറെന്ന് ഏരിയാ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.

സമാധാനാന്തരീക്ഷം തകർക്കുന്ന നിലപാട് ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും മുഖം നോക്കാതെ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തി ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലിസിൻ്റെ ഭാഗത്തു നിന്നും ശക്തമായ നടപടികൾ ഉണ്ടാകണം. സമാധാന അന്തരീക്ഷം നിലനിർത്താനും അക്രമികളെ ഒറ്റപ്പെടുത്താനും അപലപനീയമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം കഴിഞ്ഞ മാസം പയ്യന്നൂരിൽ കോൺ​ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിനും ​ഗാന്ധി പ്രതിമയ്ക്കും നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ ഇതുവരെ രണ്ട് പേർ മാത്രമാണ് അറസ്റ്റിലായത്. ​ഗാന്ധി പ്രതിമയുടെ തലയറുത്ത കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരാണ് റിമാൻഡിൽ കഴിയുന്നത്. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പയ്യന്നൂർ സിഐ തേജസ് ന്യൂസിനോട് പറഞ്ഞു.