'ആര്‍എസ്എസ് ബിജെപി ക്രിമിനലുകളാണ്' വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തിന് പിന്നില്‍:: എം വി ഗോവിന്ദന്‍

Update: 2025-12-22 07:29 GMT

പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് -ബിജെപി ക്രിമിനലുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇക്കാര്യം പകല്‍ പോലെ വ്യക്തമാണെന്നും കേസ് സത്യസന്ധമായി പരിശോധിക്കണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ''ആക്രമിച്ചവരെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികള്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ്. കേരളത്തില്‍ ഇത് അനുവദിക്കാന്‍ പാടുള്ളതല്ല. മതനിരപേക്ഷ മൂല്യമുള്ള ഒരു സംസ്ഥാനത്തിനും ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ബംഗ്ലാദേശി എന്ന് പറഞ്ഞാണ് യുവാവിനെ ആക്രമിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്നത് കേരളത്തിലും നടപ്പാക്കാനാണ് ശ്രമം. കേരളീയ സമൂഹമാകെ ഒറ്റക്കെട്ടായി നിലനില്‍ക്കണം'' അദ്ദേഹം പറഞ്ഞു.

അതിനിടെ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും പരിശോധിക്കുമെന്ന് ജില്ലാ പോലിസ് മേധാവി അജിത് കുമാര്‍ അറിയിച്ചു. ''പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കും. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്ന് പരിശോധിക്കും. ഏതെങ്കിലും കേസില്‍ ജാമ്യത്തില്‍ കഴിയുകയാണെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടികളും ഉണ്ടാകും. ഡിവൈഎസ്പി പി.എം.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ചിലെയും വാളയാര്‍ പോലിസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പത്തംഗ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്'' ജില്ലാ പോലിസ് മേധാവി അജിത് കുമാര്‍ പറഞ്ഞു. കേസിന്റെ അന്വേഷണം കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ആള്‍ക്കൂട്ടമര്‍ദനം പോലുള്ള കേസുകള്‍ കൂടുതല്‍ ഗൗരവത്തോടെ അന്വേഷിക്കേണ്ടതിനാലാണ് ക്രൈംബ്രാഞ്ചിനു കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേസില്‍ 5 പേരാണ് റിമാന്‍ഡിലുള്ളത്.