അനാഥാലയത്തിന്റെ മറവിൽ ആർഎസ്എസ് ആയുധ പരിശീലനം: ഉന്നതരുടെ പങ്ക് അന്വേഷിക്കണം- എസ്ഡിപിഐ
സർക്കാർ അംഗീകൃത അനാഥാലയമായ സ്വാമി വിവേകാനന്ദ ബാലാശ്രമത്തിലെ പ്രായപൂർത്തിയാവാത്ത ഒൻപത് കുട്ടികൾ തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മാരകമായി പരിക്കേറ്റ് അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചതോടെ പുറത്തുവന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.
അടൂർ: ആർഎസ്സ്എസും വിഎച്ച്പിയും അടൂരിൽ നടത്തുന്ന അനാഥാലയത്തിന്റെ മറവിൽ ഭീകരപ്രവർത്തനങ്ങളും അനാഥ ബാലന്മാരെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുന്നതായുമുള്ള പരാതിയിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്ഡിപിഐ അടൂർ മേഖലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സർക്കാർ അംഗീകൃത അനാഥാലയമായ സ്വാമി വിവേകാനന്ദ ബാലാശ്രമത്തിലെ പ്രായപൂർത്തിയാവാത്ത ഒൻപത് കുട്ടികൾ തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മാരകമായി പരിക്കേറ്റ് അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചതോടെ പുറത്തുവന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. താൽപര്യത്തിന് വിരുദ്ധമായി നിർബന്ധിച്ച് ശാഖയിൽ കൊണ്ട് പോകുന്നതായും ആയുധ പരീശീലനം നടത്തുന്നതായും കുട്ടികൾ പറയുന്നു. പരിശീലനം നടക്കുമ്പോൾ എതിരാളി മറ്റു മതക്കാരൻ ആണെന്ന് സങ്കല്പിച്ച് ആക്രമിക്കാൻ പഠിപ്പിക്കുന്നു.
ആർഎസ്എസിന്റെ ഒളിത്താവളമായ ഇവിടെ മാരകായുധങ്ങൾ സൂക്ഷിക്കുന്നതായും കുട്ടികൾ വെളിപ്പെടുത്തുന്നു. കുട്ടികളുടെ ഭക്ഷണവും മറ്റ് സാധനങ്ങളും ആർഎസ്എസുകാർ വീട്ടിൽ കൊണ്ട് പോകുന്നുവെന്ന ഗുരുതര ആരോപണങ്ങളും കുട്ടികൾ പങ്കുവയ്ക്കുന്നു. പരിശീലനവും നിർബന്ധിത ശാഖാ പ്രവർത്തനവും എതിർത്തത് കൊണ്ടാണ് കുട്ടികൾ അക്രമം നേരിട്ടത്. കുട്ടികളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സംഘപരിവാർ നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും റെയ്ഡ് നടത്താൻ പിണറായി സർക്കാർ അടിയന്തരമായി ഇടപെടണം.
സമാന സംഭവം നടന്ന തൃപ്പൂണിത്തുറ യോഗ പീഡന കേന്ദ്രത്തിനു മേൽ ഇടതു സർക്കാർ നടപടിയെടുക്കാതിരുന്നത് ആർഎസ്എസ്സിന് വളമായെന്നും മേഖല കമ്മിറ്റി കുറ്റപ്പെടുത്തി. മേഖല പ്രസിഡന്റ് അൽഅമീൻ മണ്ണടി അധ്യക്ഷത വഹിച്ചു. അബ്ദുൽ സമദ്, രവി പുതുമല, ലത്തീഫ് ഏഴംകുളം, ഷാജി പഴകുളം, അനീഷ് പറക്കോട് സംസാരിച്ചു.
