കായികരംഗത്തെ വികസനത്തിന് 1000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തും: മന്ത്രി ഇ പി ജയരാജന്‍

43 കായിക സമുച്ചയങ്ങളില്‍ 24 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടന സജ്ജമാക്കി കഴിഞ്ഞു. 1000 കോടിയുടെ വികസനം സാധ്യമാകുമ്പോള്‍ 43 ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍, 27 സിന്തറ്റിക് ട്രാക്കുകള്‍, 33 ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാകും.

Update: 2019-11-18 14:49 GMT
കോഴിക്കോട്: സംസ്ഥാനത്തെ കായിക രംഗത്തിന്റെ വികസനത്തിന് 1000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കിഫ് ബി മുഖേന നടപ്പിലാക്കുന്നതെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന സ്‌പോര്‍ട്‌സ് ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കായികരംഗം നേരിട്ട ഏറ്റവും വലിയ പ്രശ്‌നം അടിസ്ഥാന വികസനത്തിന്റെ അഭാവമാണ്. എന്നാലിന്ന് കായികരംഗം അഭിവൃദ്ധിയുടെ പാതയിലാണ്. കിഫ്ബിയില്‍പെടുത്തി 14 ജില്ലാ സ്‌റ്റേഡിയങ്ങളിലും സിന്തറ്റിക് ട്രാക്ക് സജ്ജമാക്കി. 43 കായിക സമുച്ചയങ്ങളില്‍ 24 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടന സജ്ജമാക്കി കഴിഞ്ഞു. 1000 കോടിയുടെ വികസനം സാധ്യമാകുമ്പോള്‍ 43 ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍, 27 സിന്തറ്റിക് ട്രാക്കുകള്‍, 33 ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാകും.

വിദേശ പരിശീലകരുടെ സേവനം നമ്മുടെ കായിക താരങ്ങള്‍ക്കും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. കായിക മേഖലയെ ഉണര്‍വിന്റെ പാതയിലേക്ക് നയിക്കാന്‍ മുന്‍ഗണന നല്‍കുകയാണ്. കേരളത്തില്‍ ഈ വര്‍ഷം 2 സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആരംഭിക്കും. കായിക താരങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. സന്തോഷ് ട്രോഫി ജേതാക്കളായ 11 കളിക്കാര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലി നല്‍കി കഴിഞ്ഞു.

മലപ്പുറത്ത് ഫുട്ബാള്‍ അക്കാദമി തുടങ്ങും. കടലോര മേഖലയിലുള്ളവരെ ആകര്‍ഷിക്കാന്‍ ബീച്ച് ഫുട് ബോള്‍ തുടങ്ങിയ വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. 16 വിദ്യാലയങ്ങളുള്ള മേപ്പയ്യൂരില്‍ നല്ല കളിക്കളങ്ങള്‍ ഇല്ല എന്നത് പോരായ്മയാണ്. അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളങ്ങള്‍ മേപ്പയ്യൂരിലുണ്ടാകുന്നത് അഭിമാനമാണ്. ഒരു വര്‍ഷം കൊണ്ട് സ്‌പോര്‍ട്‌സ് ഫെസിലിറ്റി സെന്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ജില്ലയില്‍ നിരവധി സ്വകാര്യ കളിക്കളങ്ങള്‍ണ്ടാവുകയാണ് വലിയ മാറ്റമാണിത്. കിഫ്ബി വഴി ലഭ്യമാകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചിലര്‍ ശ്രമിക്കുന്നതായും അത് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ടാംഘട്ട മേപ്പയ്യൂര്‍ സ്‌കൂള്‍ വികസന പ്രവര്‍ത്തനങ്ങളും ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. മേപ്പയ്യൂര്‍ സ്‌കൂളില്‍ നീന്തല്‍കുളം സ്ഥാപിക്കാനുള്ള നടപടിയെടുക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ എക്‌സൈസ് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കായിക യുവജന കാര്യാലയം ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് സ്വാഗതം പറഞ്ഞു. കായിക യുവജന കാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ അജിത്ത് കുമാര്‍ ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ റീന, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി പി ദാസന്‍, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News