കോഴിക്കോട്: കവര്‍ച്ചക്കേസില്‍ പ്രതിയായ യുവാവ് കൈവിലങ്ങുമായി പോലിസ് ജീപ്പില്‍നിന്ന് രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് ഓടപറമ്പില്‍ അജ്മല്‍(25) ആണ് തൊണ്ടയാട് ബൈപ്പാസില്‍ വച്ച് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണു സംഭവം. കവര്‍ച്ച ചെയ്ത വസ്തുക്കളുമായി അപകടത്തില്‍ പെട്ട് പോലിസ് പിടിയിലായ അജ്മല്‍ ജയിലിലേക്കുള്ള യാത്രാമധ്യേയാണ് പോലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
ഇക്കഴിഞ്ഞ നവംബര്‍ 29നാണ് മൂന്നംഗ സംഘം സഞ്ചരിച്ച ജീപ്പ് കൊടുവള്ളിയില്‍ അപകടത്തില്‍പ്പെടുകയും ഒരാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മോഷണ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അജ്മലിനെയും പുത്തണത്താണി ചുങ്കം ആലുങ്ങല്‍ ജുനൈദിനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. തുടരന്വേഷണ ഭാഗമായി ഇരുവരെയും കൊടുവള്ളി പോലിസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി തിരികെ ജയിലിലേക്ക് എത്തിക്കുന്നതിനിടെ തൊണ്ടയാട് ബൈപ്പാസിലെ സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇരുവരും പോലിസ് വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയെന്നാണ് പോലിസ് പറയുന്നത്. ജുനൈദിനെ പോലിസ് പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും അജ്മലിനെ കണ്ടെത്താനായില്ല. 18ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് അജ്മലെന്നും കൈ വിലങ്ങുമായാണ് രക്ഷപ്പെട്ടതെന്നും പോലിസ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.