മറ്റൊരാളുടെ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടല്ല റോഡ് വികസനം സാധ്യമാക്കേണ്ടത്: മനുഷ്യാവകാശ കമ്മീഷന്‍

നടക്കാന്‍ പോലുമാവാത്ത ഭിന്നശേഷിക്കാരന്റെ വീടിരിക്കുന്ന സ്ഥലത്ത് നിന്ന് റോഡ് നിര്‍മ്മാണത്തിനു വേണ്ടി അശാസ്ത്രീയമായി മണ്ണെടുത്തത് കാരണം വീട് അപകടത്തിലായെന്ന പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.

Update: 2022-10-29 13:26 GMT

തിരുവനന്തപുരം: മറ്റൊരാളുടെ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടല്ല റോഡ് വികസനം സാധ്യമാക്കേണ്ടതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നടക്കാന്‍ പോലുമാവാത്ത ഭിന്നശേഷിക്കാരന്റെ വീടിരിക്കുന്ന സ്ഥലത്ത് നിന്ന് റോഡ് നിര്‍മ്മാണത്തിനു വേണ്ടി അശാസ്ത്രീയമായി മണ്ണെടുത്തത് കാരണം വീട് അപകടത്തിലായെന്ന പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.

കേരള സര്‍ക്കാരിന്റെ മലയോര ഹൈവേ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന പുനലൂര്‍ ഇലവുപാലം റോഡിന്റെ നിര്‍മ്മാണത്തോടനുബന്ധിച്ചാണ് നെടുമങ്ങാട് മടത്തറ മേലെമുക്ക് സ്വദേശി ബിനുവിന്റെ വീട് അപകടത്തിലായത്.

മണ്ണിടിച്ചാല്‍ സമീപത്തെ വീടുകള്‍ അപകട ഭീഷണിയിലാവുമെന്ന് മനസ്സിലാക്കിയിട്ടും അതിന് അനുമതി നല്‍കിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് പൂര്‍ണ ഉത്തരവാദിയെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

2 മാസത്തിനകം പരാതിക്കാസ്പദമായ റോഡിന്റെ പാര്‍ശ്വഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തി പരാതിക്കാരന്റെ വീടിന്റെ അപകടാവസ്ഥ ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. ഇതിനാവശ്യമായ നിര്‍ദ്ദേശം ദുരന്ത നിവാരണ സമിതിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ 2 മാസത്തിനകം തിരുവനന്തപുരം ജില്ലാ കളക്ടറും കേരള റോഡ് ഫണ്ട് ബോര്‍ഡ് കൊല്ലം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും കമ്മീഷനില്‍ സമര്‍പ്പിക്കണം.

അപകടാവസ്ഥ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് ആര്‍ഡിഒ 2020 മാര്‍ച്ച് 16 ന് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിട്ടും അധികൃതര്‍ നിശബ്ദത പാലിച്ചതായി കമ്മീഷന്‍കണ്ടെത്തി.

Tags:    

Similar News