ഒഞ്ചിയത്തെ നാല് പഞ്ചായത്തുകളിലും ആര്‍എംപിഐക്ക് യുഡിഎഫുമായി സഖ്യം
തൃശ്ശൂര്‍ കുന്നംകുളം നഗരസഭയില്‍ ആര്‍എംപിഐ ഒറ്റക്കാണ് മത്സരിക്കുന്നത്.
കോഴിക്കോട്: ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തുകളിലും ആര്‍എംപിഐ യുഡിഎഫുമായി സഖ്യത്തിൽ. അഴിയൂര്‍, ചോറോട്, ഏറാമല, ഒഞ്ചിയം എന്നീ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ആര്‍എംപിഐയും ചേര്‍ന്ന് ജനകീയ മുന്നണി രൂപീകരിച്ചാണ് മൽസരം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഈ നാല് പഞ്ചായത്തുകളിലും ഭരണം നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നില്ല. എല്‍ജെഡി എല്‍ഡിഎഫിലെത്തിയതോടെ ഒഞ്ചിയം ഒഴിച്ചുള്ള പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നേടാനായി. പരസ്പരം മൽസരിക്കുന്നത് എല്‍ഡിഎഫിന് ഗുണകരമാവുന്നുവെന്ന കാരണം പറഞ്ഞാണ് ആര്‍എംപിഐ യുഡിഎഫുമായി ഇക്കുറി നേരിട്ട് സഖ്യത്തിലെത്തിയത്.
എന്നാല്‍ തൃശ്ശൂര്‍ കുന്നംകുളം നഗരസഭയില്‍ ആര്‍എംപിഐ ഒറ്റക്കാണ് മത്സരിക്കുന്നത്. മൂന്ന് നഗരസഭ കൗണ്‍സിലര്‍മാരാണ് ആര്‍എംപിഐക്ക് ഉണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ ഇക്കുറിയും മത്സര രംഗത്തുണ്ട്. അഞ്ച് സീറ്റുകളിലാണ് ആര്‍എംപിഐ മത്സരിക്കുന്നത്. കഴിഞ്ഞ തവണയും യുഡിഎഫിനെ പിന്തുണക്കാന്‍ കുന്നംകുളത്തെ ആര്‍എംപിഐ തയ്യാറായിരുന്നില്ല.