ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല

ദലിത് സമുദായത്തില്‍ പെടുന്നവര്‍ രാജ്യം മുഴുവന്‍ വിവേചനം നേരിടുമ്പോള്‍ അപമാനഭാരത്താല്‍ ഒരു കലാകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു എന്നത് അങ്ങേയറ്റം ഗൗരവത്തോടെ മന്ത്രി കാണണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Update: 2020-10-04 19:17 GMT

തിരുവനന്തപുരം: സംഗീത നാടക അക്കാദമി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തില്‍ മനം നൊന്ത് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ കെ ബാലനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും മാതൃകാപരമായി ശിക്ഷ അന്വേഷണത്തിലൂടെ ഉറപ്പ് വരുത്തണം.

നൃത്തകലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ആര്‍എല്‍വി രാമകൃഷ്ണന്‍. ദാരിദ്രത്തോടും അവഗണയോടും പടപൊരുതിയാണ് കലാരംഗത്ത് അറിയപ്പെടുന്ന ഒരാളായി മാറിയത്. പി.ജിയില്‍ റാങ്ക് നേടുകയും പിന്നീട് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്ത ഈ പ്രതിഭയെ ആത്മഹത്യയിലേക്ക് തള്ളിയിട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

ദലിത് സമുദായത്തില്‍ പെടുന്നവര്‍ രാജ്യം മുഴുവന്‍ വിവേചനം നേരിടുമ്പോള്‍ അപമാനഭാരത്താല്‍ ഒരു കലാകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു എന്നത് അങ്ങേയറ്റം ഗൗരവത്തോടെ മന്ത്രി കാണണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംഗീത നാടക അക്കാദമിയില്‍ അടുത്തകാലത്ത് ഉയരുന്ന ദലിത് വിരുദ്ധ രീതികള്‍ക്ക് നേരെ കണ്ണടയ്ക്കാതെ ദുര്‍ബല വിഭാഗത്തെ ചേര്‍ത്തു നിര്‍ത്താനും അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

ഓണ്‍ലൈന്‍ വഴി നടത്തുന്ന മോഹിനിയാട്ടം പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ആര്‍.എല്‍.വി .രാമകൃഷ്ണന് നിഷേധിക്കാന്‍ പാടില്ലായിരുന്നു. സ്വന്തം കഴിവ് കൊണ്ട് ഉയര്‍ന്നുവന്ന ഒടുവില്‍ അദ്ദേഹത്തെ ഒഴിവാക്കി എന്ന് മാത്രമല്ല നുണപ്രചാരണത്തിലൂടെ സമൂഹത്തിന് മുന്നില്‍ കുറ്റക്കാരനാക്കി ചിത്രീകരിക്കുകയും ചെയ്തു. രമേശ് ചെന്നിത്തല പറഞ്ഞു.