റിയാസ് മൗലവി വിധി: അനീതിക്കെതിരേ മിണ്ടാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രഹരമാവണം: അല്‍ഹാദി അസോസിയേഷന്‍

Update: 2024-03-31 18:00 GMT

തിരുവനന്തപുരം: കാസര്‍ഗോഡ് റിയാസ് മൗലവി വധത്തിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി ഇരകളില്‍ കനത്ത നിരാശ പടര്‍ത്തുന്നതാണെന്നും അനീതിക്കെതിരേ നിശബ്ദത പാലിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ഒരു പ്രഹരം തന്നെയാവണമെന്നും അല്‍ഹാദി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ഏഴു വര്‍ഷം മുമ്പ് കാസര്‍ഗോഡ് പഴയചൂരി പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവി എന്ന യുവ പണ്ഡിതനെ യാതൊരു പ്രകോപനവുമില്ലാതെ ആര്‍ എസ് എസ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം പണ്ഡിത സമൂഹത്തെയും മഹല്ല് അധികൃതരെയും പൊതു സമൂഹത്തെയും ഞെട്ടിച്ച ദുരന്തമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുകയും 90 ദിവസത്തിനുള്ളില്‍ കുറ്റപ്പത്രം നല്‍കുകയും 97 സാക്ഷികളില്‍ ഒരാള്‍ പോലും കൂറുമാറാതിരിക്കുകയും ഡി എന്‍ എ ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകള്‍ ശക്തമായി ഉണ്ടാവുകയും ചെയ്തിട്ടും പ്രതികളെ വെറുതെവിട്ട സംഭവം പൊതു സമൂഹത്തിന്റെ നീതിബോധത്തെ പരിഹസിക്കുന്നതാണ്.

ഈ സംഭവത്തില്‍ വര്‍ഗീയ കലാപത്തിന്റെ ഗൂഢാലോചന വ്യക്തമായിരുന്നിട്ടും അന്വേഷണം ആ വഴിക്ക് നീക്കാതെ, പ്രതികളെ രക്ഷിക്കാന്‍ തന്നെയാണ് അന്വേഷണ സംഘവും പ്രവര്‍ത്തിച്ചത്. പ്രതിഭാഗത്ത് സംഘപരിവാര്‍ പ്രവര്‍ത്തകരാവുമ്പോള്‍ കേസന്വേഷണത്തിലും മറ്റും വേണ്ടപ്പെട്ടവര്‍ കാട്ടുന്ന അലംഭാവവും എന്നാല്‍ പ്രതികള്‍ മുസ്‌ലിം പേരുകാരാവുമ്പോള്‍ നടക്കുന്ന പഴുതടച്ച അന്വേഷണവും കടുത്ത വിധി പ്രസ്താവവും ഇരട്ടനീതിയുടെ പ്രകടമായ ലക്ഷണങ്ങളാണ്.

രാജ്യത്തെ മുസ് ലിംകളും അടിസ്ഥാന വിഭാഗങ്ങളും നേരിടുന്ന നീതി നിഷേധങ്ങള്‍ക്ക് ഒത്താശ ചെയ്യുകയും തന്ത്രപരമായി കനത്ത മൗനം പാലിക്കുകയും ചെയ്യുന്ന വ്യാജ മതേതര പാര്‍ട്ടികളെ തിരിച്ചറിയാനും തിരഞ്ഞെടുപ്പില്‍ അത്തരക്കാര്‍ക്ക് കനത്ത പ്രഹരമേല്‍പിക്കാനും സമുദായത്തിന് സാധിക്കേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.





Tags:    

Similar News