റിയാസ് മൗലവി വധക്കേസിന്റെ വിധി പറയുന്നത് മൂന്നാമതും മാറ്റി
ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്.
കൊലപാതകം നടന്ന് ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മൗലവി കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ഇന്ന് വിധി പറയുമെന്നാണ് മാര്‍ച്ച് ഏഴിന് കോടതി അറിയിച്ചിരുന്നത്. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനായിരുന്നു വിധി പറയേണ്ടത്. 2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന് കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്.
കേസില്‍ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ പിടിയിലായ പ്രതികള്‍ ജയിലില്‍ തന്നെയാണ്. ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പോലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.