മടങ്ങിയെത്തുന്ന അന്തര്‍സംസ്ഥാന തൊഴിലാളികള്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണം: മുഖ്യമന്ത്രി

ഏതെങ്കിലും സംശയത്തിന്റെ പേരില്‍ ചികില്‍സ നിഷേധിക്കുന്നത് സാധാരണനിലയ്ക്കുള്ള ധാര്‍മികതയ്ക്ക് എതിരാണ്.

Update: 2020-07-07 14:54 GMT

തിരുവനന്തപുരം: കേരളത്തിലേക്ക് തിരിച്ചെത്തുന്ന അന്തര്‍സംസ്ഥാന തൊഴിലാളികള്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കൊവിഡ്- 19 സാഹചര്യങ്ങള്‍ പങ്കുവച്ച് സോഷ്യല്‍മീഡിയയിലൂടെ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലേക്ക് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികള്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കണം. ഇത് ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം അവരെ കൊണ്ടുവരുന്ന കരാറുകാര്‍ക്കും ഏജന്റുമാര്‍ക്കുമുണ്ട്.

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കാന്‍ അവര്‍ തയ്യാറാവുന്നില്ലെങ്കില്‍ കരാറുകാര്‍ക്കും ഏജന്റുമാര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കൊവിഡ് 19 സംശയത്തെത്തുടര്‍ന്ന് ഗര്‍ഭിണിക്ക് ചികില്‍സ നിഷേധിക്കുന്ന സാഹചര്യമുണ്ടാവരുത്. ആശുപത്രികള്‍ അവയുടെ ധര്‍മം മറന്ന് പ്രവര്‍ത്തിച്ചതായുളള റിപോര്‍ട്ട് ഇന്ന് വന്നു. ഒരു ഗര്‍ഭിണിയുടെ നേരെ വാതില്‍ കൊട്ടിയടച്ച ആശുപത്രികളെപ്പറ്റി. ഇത് ഗൗരവമായ കാര്യമാണ്. ചികില്‍സ നിഷേധിക്കുന്നതുണ്ടാവാന്‍ പാടില്ലാത്ത കാര്യമാണ്. എല്ലാ ആശുപത്രികളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കണം.

ഏതെങ്കിലും സംശയത്തിന്റെ പേരില്‍ ചികില്‍സ നിഷേധിക്കുന്നത് സാധാരണനിലയ്ക്കുള്ള ധാര്‍മികതയ്ക്ക് എതിരാണ്. ആവശ്യമായ മുന്‍കരുതലോടെ ചികില്‍സ നടത്താന്‍ തയ്യാറാവുന്ന നിലയാണ് എല്ലാവരും സ്വീകരിക്കുന്നതെങ്കിലും വ്യത്യസ്തമായ ഒരു സംഭവം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ആരോഗ്യമേഖല ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  

Tags: