മലയാളികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച അവ്യക്തത നീക്കണം: തുളസീധരന്‍ പള്ളിക്കല്‍

നാട്ടിലെത്താനുള്ളവരുടെ രജിസ്‌ട്രേഷന്‍ നോര്‍ക്ക വഴി നടത്തുമെന്ന് അറിയിച്ചെങ്കിലും അതും ബാലികേറാ മലയായി മാറിയിരിക്കുകയാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കൃത്യമായി നടത്താനാവുന്നില്ല. അധികൃതര്‍ നല്‍കിയ നമ്പരുകളില്‍ ബന്ധപ്പെടാനും കഴിയുന്നില്ല.

Update: 2020-05-04 09:15 GMT

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച അവ്യക്തത നീക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, രോഗബാധിതര്‍ ഉള്‍പ്പെടെയുള്ളവരാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലുള്ളവരെ ബസ് മാര്‍ഗവും മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ ട്രെയിന്‍ മാര്‍ഗ്ഗവും നാട്ടിലെത്തിക്കണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുത്.

ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇവരെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുന്നുണ്ടെങ്കിലും നടപടിക്രമങ്ങളുടെ സങ്കീര്‍ണത തടസ്സമായി നില്‍ക്കുകയാണ്. സംസ്ഥാനത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ അതതു സംസ്ഥാനങ്ങള്‍ അത്യുല്‍സാഹം കാണിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ലാഘവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്. നാട്ടിലെത്താനുള്ളവരുടെ രജിസ്‌ട്രേഷന്‍ നോര്‍ക്ക വഴി നടത്തുമെന്ന് അറിയിച്ചെങ്കിലും അതും ബാലികേറാ മലയായി മാറിയിരിക്കുകയാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കൃത്യമായി നടത്താനാവുന്നില്ല. അധികൃതര്‍ നല്‍കിയ നമ്പരുകളില്‍ ബന്ധപ്പെടാനും കഴിയുന്നില്ല.

ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളില്‍ ബഹുഭൂരിപക്ഷവും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവരാണ്. അവരെ നാട്ടിലെത്തിക്കുന്നതിന് അതതു സംസ്ഥാനങ്ങളിലെ അധികാരികളുമായി ചര്‍ച്ച ചെയ്ത് അടിയന്തര തീരുമാനമുണ്ടാക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Tags: