എല്‍പിജി സിലിണ്ടറുകളുടെ റീഫില്‍ ബുക്കിങില്‍ നിയന്ത്രണം, ലോക്ക് ഇന്‍ പീരീഡുമായി എച്ച്പിയും ഐഒസിയും, 21 ദിവസം നിയന്ത്രണം
ന്യൂഡല്‍ഹി: എല്‍പിജി സിലിണ്ടറുകളുടെ റീഫില്‍ ബുക്കിംഗില്‍ നിയന്ത്രണം. പശ്ചിമേഷ്യയിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ ബുക്കിങുകളില്‍ വലിയ രീതിയിലുള്ള വര്‍ദ്ധവന് ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയവും ഗാര്‍ഹിക എല്‍പിജി റീഫില്ലുകള്‍ക്ക് 21 ദിവസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പെട്ടെന്നുണ്ടായ ഈ ഡിമാന്‍ഡ് പരിഗണിച്ച്, പൂഴ്ത്തിവെപ്പ് തടയുന്നതിനും വിതരണം സുസ്ഥിരമാക്കുന്നതിനുമാണ് എണ്ണ വിപണന കമ്പനികളുടെ നടപടി. ലോക്ക് ഇന്‍ പിരീഡ് എന്ന രീതിയാണ് നിലവില്‍ നടപ്പിലാക്കിയിട്ടുള്ളത്. യുദ്ധം പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബുക്കിങുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുതലാണ് ഈ നിയന്ത്രണം നിലവില്‍ വന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.