ഗവര്‍ണറെ തിരിച്ച് വിളിക്കാനാവശ്യപ്പെടുന്ന പ്രമേയം പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷം

പ്രമേയം സര്‍ക്കാര്‍ നിരാകരിക്കുമെന്ന അഭ്യൂഹം ശക്തിപ്പെടുന്നതിനിടെയാണ് പ്രമേയം പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യമുന്നയിച്ചത്.

Update: 2020-01-28 11:45 GMT

തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് നിയമസഭയുടെ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച് സര്‍ക്കുലേറ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനോട് ആവശ്യപ്പെട്ടു.

പ്രമേയം സര്‍ക്കാര്‍ നിരാകരിക്കുമെന്ന അഭ്യൂഹം ശക്തിപ്പെടുന്നതിനിടെയാണ് പ്രമേയം പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യമുന്നയിച്ചത്. പ്രമേയം ക്രമപ്രകാരമാണെന്ന് സ്പീക്കര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.

നിയമസഭാ ചട്ടം 135  പ്രകാരം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്നാണ പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടത്. ദിവസം നിശ്ചയിച്ചിട്ടില്ലാത്ത ഉപക്ഷേപങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുത്തി ഈ നോട്ടീസ് പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം.

നിയമസഭയെ അവഹേളിക്കുകയും സഭയെ അനാദരിക്കുകയും ചെയ്ത ഗവര്‍ണറെ മടക്കി വിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭാ ചട്ടം 130 പ്രകാരം  ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈമാസം 25നാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.

Tags:    

Similar News