ബിജെപിയില്‍ വീണ്ടും രാജി; വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി പാര്‍ട്ടി വിട്ടു

ബിജെപിയുടെ വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദുവാണ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്.

Update: 2020-11-08 18:12 GMT

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയുടെ പേരില്‍ ബിജെപിയില്‍ വീണ്ടും രാജി. ബിജെപിയുടെ വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദുവാണ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വലിയവിള വാര്‍ഡിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് രാജി.

വലിയവിള വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് ബിന്ദു വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്തെ ബിജെപിയില്‍നിന്നുണ്ടായ രണ്ടാമത്തെ രാജിയാണിത്. നേരത്തെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സമാനവിഷയത്തില്‍ പാര്‍ട്ടി വിട്ടിരുന്നത്. നാല് പതിറ്റാണ്ടുകളായി ബിജെപിയുടെ സജീവപ്രവര്‍ത്തകനായ പള്ളിത്താനം രാധാകൃഷ്ണനാണ് ജില്ലാ കമ്മിറ്റി സ്ഥാനവും പാര്‍ട്ടി പ്രാഥമിക അംഗത്വവും രാജിവച്ചത്.

ഇത്രയും കാലം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടും തന്നെ പൂര്‍ണമായും അവഗണിച്ചെന്നും കൂടിയാലോചനകള്‍ നടത്താതെ വിശ്വാസവഞ്ചനയിലൂടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നേരത്തെ പാലക്കാട് ആലത്തൂരിലും ബിജെപിയില്‍നിന്ന് പ്രാദേശിക നേതാക്കള്‍ രാജിവച്ചിരുന്നു.

Tags: