വാളയാര്‍ കേസ്: നാട്ടുകാര്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി

Update: 2019-11-03 10:25 GMT

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ രാവിലെ 10 മണിയോടെയാണ് നിരാഹാരസമരം തുടങ്ങിയത്. മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുംവരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു. വാളയാര്‍ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നാളെ ഏകദിന ഉപവാസം നടത്തും.

ചൊവ്വാഴ്ച പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അടക്കം വീഴ്ചപറ്റിയെന്ന് വ്യക്തമാക്കുന്ന വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെയാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം രാഷ്ട്രീയപ്പാര്‍ട്ടികളും മനുഷ്യാവകാശപ്രവര്‍ത്തകരും ശക്തമാക്കിയത്. എന്നാല്‍, മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.

അതേസമയം, പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കോ സര്‍ക്കാരിനോ പോക്‌സോ കോടതി വിധി ചോദ്യംചെയ്ത് അപ്പീല്‍ നല്‍കാമെന്നായിരുന്നു ഹൈക്കോടതി നടപടി. ഈ സാഹചര്യത്തില്‍ പാലക്കാട് പോക്‌സോ കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടുദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് മാതാപിതാക്കള്‍.

Tags:    

Similar News