കെഎഎസ് നിയമനങ്ങളില്‍ സംവരണഅട്ടിമറി: ലത്തീന്‍ സമുദായം പ്രക്ഷോഭത്തിലേക്ക്‌

ജനുവരി 16ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസ ധര്‍ണ നടത്താന്‍ തീരുമാനിച്ചതായി കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും സമുദായവക്താവുമായ ഷാജി ജോര്‍ജ് പറഞ്ഞു.

Update: 2019-01-05 12:13 GMT

കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍(കെഎഎസ്) സംവരണാവകാശം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങി കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍(കെആര്‍എല്‍സിസി) ഇതിന്റെ ഭാഗമായി ജനുവരി 16ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസ ധര്‍ണ നടത്താന്‍ തീരുമാനിച്ചതായി കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും സമുദായവക്താവുമായ ഷാജി ജോര്‍ജ് പറഞ്ഞു. 16 മുതല്‍ 26വരെ 100 കേന്ദ്രങ്ങളില്‍ ധര്‍ണയും രൂപതകളില്‍ കെഎഎസ് പ്രശ്‌നം സംബന്ധിച്ച് പഠനസെമിനാരുകളും സംഘടിപ്പിക്കും. ഇത് സംബന്ധിച്ച് എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ന്ന യോഗം ജസ്റ്റീസ് കെ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സംവരണം നിലനിര്‍ത്താന്‍ നിയമത്തിന്റെയും ബുദ്ധിയുടെയും മാര്‍ഗം തേടണമെന്ന് ജസ്റ്റീസ് കെ സുകുമാരന്‍ പറഞ്ഞു.വിദ്യാഭ്യാസമെന്നത് ഏതൊരു പൗരന്റെയും അടിസ്ഥാന ആവശ്യമാണ്. എന്നാല്‍ അധികാരത്തിലെ പങ്കാളിത്തവും ഏറെ പ്രധാനപ്പെട്ടതാണ്. ഭരണം നടത്തുന്ന ഏതു സംവിധാനത്തിലും സാധാരണക്കാര്‍ക്കു പങ്കുവേണം. ഇതു നിഷേധിക്കപ്പെട്ടാല്‍ സംഘടിച്ച് ശക്തമായും നിയമപരമായും നേരിടണം. ഒരു പ്രശ്‌നം വന്നാല്‍ തളര്‍ന്നുപോകരുത്. നിവര്‍ന്നു നില്‍ക്കണം. പ്രശ്‌നത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും പരിഹരിക്കാന്‍ പോരാടുകയും വേണം. സമൂഹം നേരിടുന്ന അനീതിയുടെ ചരിത്രമറിയാത്ത ന്യായാധിപന്മാര്‍ പോലുമുണ്ട്. കഷ്ടപ്പാടുകള്‍ കണ്ടും അനുഭവിച്ചും മാത്രമേ സംവരണത്തിന്റെ ആവശ്യകത മനസിലാകുകയുള്ളു. ഒരു കാലത്ത് നമ്മില്‍ അടിമത്തം അടിച്ചേല്പിച്ചതിന്റെ ചരിത്രം നാം ഓര്‍ത്തുവയ്‌ക്കേണ്ടതാണന്നും അദ്ദേഹം പറഞ്ഞു.കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെഎല്‍സിഎ പ്രസിഡന്റ് ആന്റണി നെറോണ, ഡിസിഎംഎസ് ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, സ്മിത ബിജോയ്, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, എല്‍സിവൈഎം പ്രസിഡന്റ് അജിത് കെ. തങ്കച്ചന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Tags:    

Similar News