രമ്യാ ഹരിദാസിനെതിരേ മോശം പരാമര്‍ശം: എ വിജയരാഘവന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ താക്കീത്

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വിലയിരുത്തി.

Update: 2019-04-18 15:26 GMT

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാഥി രമ്യ ഹരിദാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ താക്കീത് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വിലയിരുത്തി.

ജനപ്രാതിനിധ്യ നിയമം 123(4) ന്റെ ലംഘനമാണിതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനറുടെ മോശം പരാമര്‍ശത്തിനെതിരേ ആലത്തൂര്‍ കോടതിയില്‍ രമ്യാ ഹരിദാസ് പരാതി നല്‍കിയിരുന്നു. പോലിസ് കേസെടുക്കാത്ത സാഹചര്യത്തിലായിരുന്നു നടപടി. ഇന്ന് തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ സുധാകരനും എ വിജയരാഘവനും രണ്ട് നീതിയാണെന്നാരോപിച്ച് രമ്യ ഹരിദാസ് വനിതാ കമ്മീഷനെതിരേയും രംഗത്തെത്തിയിരുന്നു. എ വിജയരാഘവന്റെ അപകീര്‍ത്തി പ്രസ്താവനയ്‌ക്കെതിരേ പരാതി നല്‍കിയിരുന്നു. എന്നിട്ടും വനിതാ കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്നും വിളിച്ചുപോലും ചോദിച്ചില്ലെന്നും രമ്യാ ഹരിദാസ് കുറ്റപ്പെടുത്തി.

കെ സുധാകരന്‍ എതിര്‍സ്ഥാനാര്‍ഥിയായ വനിതയ്‌ക്കെതിരേ അപകീര്‍ത്തികരമായ വീഡിയോ പുറത്തിറക്കിയെന്നാരോപിച്ച് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. രാഷ്ട്രീയം നോക്കിയാണ് വനിതാ കമ്മീഷന്റെ ഇടപെടലുകളുണ്ടാവുന്നതെന്നും രമ്യ ആരോപിച്ചു. പൊന്നാനിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ് പി കെ കുഞ്ഞാലിക്കുട്ടിയെയും രമ്യാ ഹരിദാസിനെയും ചേര്‍ത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ദ്വയാര്‍ഥ പരാമര്‍ശം നടത്തിയത്.  

Tags: