സബ് ജയിലില്‍ റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു; ആക്രമണം സെല്ലില്‍ തിരികെ കയറാന്‍ ആവശ്യപ്പെട്ടതിന്
കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്ന റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു. അസി. പ്രിസണ്‍ ഓഫിസര്‍മാരായ റിജുമോന്‍, ബിനു നാരായണന്‍ എന്നിവരുടെ കൈക്കാണ് പരിക്കേറ്റത്. ഇരുവരുടെയും കൈക്ക് ഒടിവുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തന്‍സീര്‍ എന്നയാളാണ് പ്രതി.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പ്രഭാത ഭക്ഷണത്തിനു ശേഷം പുറത്തു തങ്ങിയ തന്‍സീറിനോട് സെല്ലിലേക്ക് തിരികെ കയറാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ പ്രതി കുടിവെള്ള പാത്രത്തിന്റെ ഇരുമ്പു മൂടി എടുത്ത് റിജുമോനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ബിനു നാരായണന്റെ കൈ പിടിച്ച് തിരിക്കുകയും ചെയ്തു. ഇരുവരുടേയും വലതു കൈക്കാണ് പരിക്ക്.
ആക്രമിച്ചതു കൂടാതെ താന്‍ പുറത്തിങ്ങിയാല്‍ ഇരുവരെയും കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണി മുഴക്കിയിട്ടുണ്ട്. തോപ്പുംപടി പോലിസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാണ് തന്‍സീറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മട്ടാഞ്ചേരി സബ്ജയിലില്‍ എത്തുന്നത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. ബിഎന്‍എസ് 118 (2), 121 (2), 132, 351 (2) വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് രേഖപ്പെടുത്താനാകൂ.
