വയനാടിന് ആശ്വാസം; രണ്ട് കൊവിഡ് ബാധിതരുടെ ഫലം നെഗറ്റീവായി

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ജില്ലയിലെ ആദ്യ കേസായ തൊണ്ടര്‍നാട് സ്വദേശിയുടെയും രണ്ടാമത്തെ കേസായ കമ്പളക്കാട്ടുകാരന്റെയും രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായത്.

Update: 2020-04-08 07:35 GMT

കല്‍പ്പറ്റ: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ, വയനാട്ടില്‍ ആശ്വാസ വാര്‍ത്ത. വയനാട്ടില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടുപേരുടെ സ്രവപരിശോധനാഫലം നെഗറ്റീവായി. ഇരുവരെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ജില്ലയിലെ ആദ്യ കേസായ തൊണ്ടര്‍നാട് സ്വദേശിയുടെയും രണ്ടാമത്തെ കേസായ കമ്പളക്കാട്ടുകാരന്റെയും രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായത്. ഇതോടെ ഇവരെ വീടുകളിലേക്ക് അയക്കും. ജില്ലയില്‍ ഒരാള്‍കൂടിയാണ് ഇനി രോഗബാധിതനായുള്ളത്.

ജില്ലയില്‍ 11,588 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഉള്‍പ്പെടെ 9 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ചത് 186 സാമ്പിളുകളാണ്. 38 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1,064 വാഹനങ്ങളിലായെത്തിയ 1,739 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കുംതന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. 

Tags: