റീഹാറ്റ് നിലമ്പൂര്‍ പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 76 കുടുംബങ്ങള്‍ക്ക് മൂന്നു പദ്ധതികളിലുമായി വാസയോഗ്യമായ വീടൊരുങ്ങും.

Update: 2020-07-20 10:07 GMT

മലപ്പുറം: നിലമ്പൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ 2019 ല്‍ കാലവര്‍ഷക്കെടുതിയിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും വീടും സ്ഥലവും ഉള്‍പ്പടെയുള്ള മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ട പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച റീഹാറ്റ് നിലമ്പൂര്‍ (Rehabilitation and Habitat Arrangement Task) പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും മലപ്പുറം കുന്നുമ്മല്‍ കേപീസ് അവന്യൂവിലെ റൂബി ലോഞ്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് പ്രൊജക്റ്റ് വീഡിയോ സ്വിച്ച് ഓണ്‍ ചെയ്ത് നിര്‍വ്വഹിച്ചു.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രമുഖ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ ഇംപെക്‌സിന്റെ പങ്കാളിത്തത്തോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ വെല്‍ഫയര്‍ ട്രസ്റ്റ് സഹ പങ്കാളികളാവും. രണ്ടാം ഘട്ടത്തില്‍ വാസയോഗ്യമായ സ്ഥലമില്ലാത്തവര്‍ക്ക് വേണ്ടി പീപ്പിള്‍സ് ഫൗണ്ടേഷന്‍ സ്വന്തമായോ മറ്റ് ഏജന്‍സികളുടെ സഹായത്തോടെയോ വാങ്ങിയ സ്ഥലത്ത് 40 വീടുകള്‍ പണിയും.

എടക്കര പഞ്ചായത്തിലെ ചാത്തമുണ്ടയില്‍ 27 വീടുകളും പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറയില്‍ 13 വീടുകളുമാണ് പദ്ധതിയുടെ ഭാഗമായി പണിയുക. ഇതിനു പുറമെ സര്‍ക്കാര്‍ സഹായം ലഭിച്ച 25 പേര്‍ക്ക് വീട് പൂര്‍ത്തീകരിക്കുതിനുള്ള സഹായവും നല്‍കും. സ്വന്തമായി വാസയോഗ്യമായ സ്ഥലമുള്ള 11 പേര്‍ക്കുള്ള വീട് നിര്‍മ്മാണം ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ആരംഭിക്കുകയും പലതും പൂര്‍ത്തീകരണത്തോടടുക്കുകയും ചെയ്യുന്നുണ്ട്. ഈ മൂന്നു പദ്ധതികളിലുമായി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 76 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടൊരുങ്ങും.

പ്രളയത്തില്‍ നഷ്ടം സംഭവിച്ച നിലമ്പൂര്‍ താലൂക്കിലെ 259 ചെറുകിട കച്ചവടക്കാര്‍ക്ക് സംരംഭങ്ങള്‍ പുനരുദ്ധരിക്കുന്നതിന് 94 ലക്ഷം രൂപയുടെ സഹായവും ഒന്നാം ഘട്ടത്തില്‍ നല്‍കുകയുണ്ടായി. അടിസ്ഥാന സൗകര്യ വികസനം,സ്വയം തൊഴില്‍ പദ്ധതി, പരിസ്ഥിതി സംരക്ഷണം, വാണിജ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, പൊതുസ്ഥലങ്ങള്‍ വികസിപ്പിക്കല്‍ തുടങ്ങിയവയും റീഹാറ്റ് നിലമ്പൂരിന്റെ ഭാഗമായി അടുത്ത ഘട്ടത്തില്‍ നടപ്പിലാക്കും. പദ്ധതി പ്രഖ്യാപന ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് പി.വി അബ്ദുല്‍ വഹാബ് എംപി, പി വി അന്‍വര്‍ എംഎല്‍എ, ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലിസ് അമ്പാട്ട്, ഇംപെക്‌സ് മാനേജിങ് ഡയരക്ടര്‍ സി നുവെസ്, ഡയറക്ടര്‍ നിര്‍മ്മാണ് മുഹമ്മദലി, ഡോ.അബ്ദുസ്സലാം വാണിയമ്പലം തുടങ്ങിയവര്‍ സംസാരിച്ചു. പപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് സ്വാഗതവും, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട് നന്ദിയും പറഞ്ഞു. 

Tags: