ഗവര്‍ണറെ തിരിച്ചുവിളിക്കുക; മുസ്‌ലിം ഏകോപന സമിതി രാജ്ഭവന്‍ മാര്‍ച്ച് വ്യാഴാഴ്ച

Update: 2022-02-21 08:15 GMT

തിരുവനന്തപുരം: ഭരണഘടനാ പദവിയിലിരുന്ന് ഇസ്‌ലാമിക ശരീഅത്തിനെ നിരന്തരം അവഹേളിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരേ മുസ്‌ലിം ഏകോപന സമിതി രാജ്ഭവന്‍ മാര്‍ച്ച് നടത്തും. വ്യാഴാഴ്ച രാവിലെ 10.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. ഇസ്‌ലാമിക ജീവിതശൈലിക്കും ഹിജാബ് ഉള്‍പ്പെടെയുള്ള മതചിഹ്‌നങ്ങള്‍ക്കുമെതിരേ പ്രസ്താവന തുടരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നടപടി മതേതര വിരുദ്ധവും സാമാന്യമര്യാദകളുടെ നഗ്നമായ ലംഘനവുമാണെന്ന് ഏകോപന സമിതി യോഗം കുറ്റപ്പെടുത്തി.

ശരീഅത്ത് വിരുദ്ധനും സംഘപരിവാര്‍ ഏജന്റുമായി അറിയപ്പെടുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഇസ് ലാമിനെതിരേ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ മതേതര സങ്കല്‍പ്പങ്ങള്‍ക്കെതിരേ നടത്തുന്ന വെല്ലുവിളിയാണ്. അദ്ദേഹത്തെ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തിരിച്ചുവിളിക്കണമെന്നും ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പനവൂര്‍ നവാസ് മന്നാനി, കുറ്റിച്ചല്‍ ഹസ്സന്‍ ബസരി മൗലവി, വി എം ഫത്തഹുദ്ദീന്‍ റഷാദി, പാനിപ്ര ഇബ്രാഹിം ബാഖവി, എസ് മന്‍സൂറുദ്ദീന്‍ റഷാദി, സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി, കടുവയില്‍ ഷാജഹാന്‍ മൗലവി, ഹാഫിസ് സുലൈമാന്‍ മൗലവി, ഹാഫിസ് റഫീഖ് അഹമ്മദ് കാശിഫി, പൂവച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: