കുഞ്ഞിലയുടേത് വികൃതി,ചെറുകിട നാടകം കൊണ്ട് മേളയുടെ മികവ് കുറയ്ക്കാനാവില്ല: രഞ്ജിത്ത്
കുഞ്ഞില മാസ്സിലാമണിയുടെ അറസ്റ്റില്‍ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ലെന്നാണ് രഞ്ജിത്തിന്റെ വിശദീകരണം.
കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍നിന്ന് തന്റെ ചിത്രം ഒഴിവാക്കിയ നടപടിക്കെതിരേ പ്രതിഷേധിച്ച യുവ സംവിധായിക കുഞ്ഞില മാസ്സിലാമണിക്കെതിരേ ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. കുഞ്ഞില മാസ്സിലാമണിയുടെ അറസ്റ്റില്‍ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ലെന്നാണ് രഞ്ജിത്തിന്റെ വിശദീകരണം.
ചെറുകിട നാടകം കൊണ്ട് മേളയുടെ മികവ് കുറയ്ക്കാനാവില്ല.കുഞ്ഞിലയുടേത് വികൃതിയെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പരിഹസിച്ചു. തന്റെ അസംഘടിതര്‍ എന്ന സിനിമ ഒഴിവാക്കിയ നടപടിക്കെതിരേ കുഞ്ഞില പ്രതികരിച്ചിരുന്നു.
ഒടിടി റിലീസ് ചിത്രങ്ങള്‍ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അക്കാദമിയുടെ വിശദീകരണം. അങ്ങനെയെങ്കില്‍ സുധ കൊങ്ങര പ്രസാദിന്റെ 'സൂരരൈ പോട്ര്' അടക്കമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് എങ്ങനെയെന്ന് മാസിലാമണി ചോദിച്ചു.
അതേസമയം, കുഞ്ഞില മാസിലാമണിയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകള്‍ക്ക് അവസരം നല്‍കാനെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയി പ്രതികരിച്ചിരുന്നു. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കുഞ്ഞിലയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമയായ അസംഘടിതര്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കില്ല വിധു വിന്‍സെന്റിന്റെ പ്രതിഷേധത്തേ മാനിക്കുന്നുവെന്ന് അജോയി കൂട്ടിച്ചേര്‍ത്തു.
