ദേവികയുടെ മരണം സര്‍ക്കാര്‍ മുന്നൊരുക്കം നടത്താത്തതിന്റെ പ്രതിഫലനം: രമ്യ ഹരിദാസ്

ആലത്തുരിലടക്കം സംസ്ഥാനത്തിന്റെ വിവിധ പട്ടികജാതി ആദിവാസി സങ്കേതങ്ങളില്‍ ഇനിയും വൈദ്യുതി എത്താത്ത നിരവധി വീടുകളുണ്ടെന്നും ടിവി, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, കേബിള്‍ ടി വി സൗകര്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി മൂലം ലഭ്യമാക്കാന്‍ സാധിക്കാത്ത കുടുംബങ്ങളുണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞു.

Update: 2020-06-03 01:47 GMT

ആലത്തൂര്‍: സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര മുന്നൊരുക്കം നടത്താതെ അധ്യായനവര്‍ഷം ആരംഭിച്ചതിന്റെ ആദ്യ ഇരയാണ് വളാഞ്ചേരിയില്‍ ദേവിക എന്ന പെണ്‍കുട്ടി മരിക്കാനിടയാക്കിയതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്നും രമ്യ ഹരിദാസ് എംപി ആവശ്യപ്പെട്ടു.

ആലത്തുരിലടക്കം സംസ്ഥാനത്തിന്റെ വിവിധ പട്ടികജാതി ആദിവാസി സങ്കേതങ്ങളില്‍ ഇനിയും വൈദ്യുതി എത്താത്ത നിരവധി വീടുകളുണ്ടെന്നും ടി വി, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, കേബിള്‍ ടി വി സൗകര്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി മൂലം ലഭ്യമാക്കാന്‍ സാധിക്കാത്ത കൂലിപ്പണിക്ക് പോകുന്ന അനേകം കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നും അവരെയൊന്നും പരിഗണിക്കാതെയും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെയും മറ്റ് കുട്ടികളെപോലെ ലഭിക്കേണ്ട വിദ്യാഭ്യാസ സൗകര്യം അനേകം കുട്ടികള്‍ക്ക് നിഷേധിച്ചുകൊണ്ടുമാണ് സര്‍ക്കാര്‍ പുതിയ അധ്യയനവര്‍ഷം ആരംഭിച്ചിരിക്കുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു.

പട്ടികജാതിവര്‍ഗ്ഗ ആദിവാസി കോളനിയില്‍ നിന്നുള്‍പ്പെടെ പെണ്‍കുട്ടികളടക്കമുള്ള നിരവധിപേര്‍ ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്നവരായിട്ടുണ്ടെന്നും അത്തരം കുട്ടികളെല്ലാം തന്നെ തുടര്‍ന്ന് പഠിക്കാനാവുമോയെന്ന കാര്യത്തില്‍ ആശങ്കയിലാണെന്നും വേണ്ടത്ര പഠനോപാധികള്‍ ഒരുക്കിയും കുട്ടികളുടെ ആശങ്കയകറ്റിയും അധ്യയനവര്‍ഷം തുടരുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും രമ്യ ഹരിദാസ്, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പട്ടികജാതിവര്‍ഗ്ഗവകുപ്പ് മന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി എന്നിവര്‍ക്കുള്ള നിവേദനത്തില്‍ ആവശ്യപെട്ടു. 

Tags: