പാലക്കാട്ട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന്‍ രമേഷ് പിഷാരടി മല്‍സരിക്കും. നേരത്തെ പല പേരുകളും ഉയര്‍ന്നുവന്നിരുന്നെങ്കിലും ജില്ലയിലെ പ്രധാന നേതാക്കളെല്ലാം ഒറ്റക്കെട്ടായി രമേഷ് പിഷാരടിയെ തന്നെ പിന്തുണയ്ക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിക ഇന്ന് പ്രഖ്യാപിക്കുമ്പോള്‍ പാലക്കാട്ടെ സ്ഥാനാര്‍ഥി പ്രഖ്യാപനവും ഉണ്ടാകുമോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്. നേരത്തെ പാലക്കാടും തൃപ്പൂണിത്തുറയും പിന്നീട് പ്രഖ്യാപിക്കാം എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്.
നേരത്തെ തന്നെ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ രമേശ് പിഷാരടിയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്കു പുറത്തായതോടെയാണ് രമേശ് പിഷാരടിയെ പാലക്കാട്ട് പരിഗണിച്ചത്. 17,000 വോട്ടോടെയുള്ള രാഹുലിന്റെ ജയവും ബിജെപി മുന്നേറ്റവും ഉള്ള മണ്ഡലത്തില്‍ ജനകീയനായ പിഷാരടി മികച്ച സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ഷാഫി പറമ്പില്‍ പക്ഷത്തിന്റെ വാദം. എന്നാല്‍ മണ്ഡലത്തിന് പുറത്തുനിന്നുള്ളയാളെ വീണ്ടും ഇറക്കുന്നതില്‍ ചില നേതാക്കള്‍ക്ക് വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒടുവിലാണ് രമേഷ് പിഷാരടിയുടെ പേര് തന്നെ കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്.
ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കാനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ദേശീയ ആസ്ഥാനത്ത് കോര്‍ കമ്മിറ്റി ഉടന്‍ ചേരും. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂരില്‍ മറിയ ഉമ്മന്റെ പേര് ചര്‍ച്ചയിലുണ്ട്. എബി കുര്യാക്കോസും ബാബു പ്രസാദും പരിഗണയിനിലാണ്. ബിനു ചുള്ളിയിലിന്റെ പേരും ഉയരുന്നു. അരൂരില്‍ ഷാനിമോള്‍ക്കൊപ്പം എം.പി.പ്രവീണും പരിഗണനയിലുണ്ട്.
പാലക്കാട് സിപിഎമ്മും ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പ് സമയത്ത് നാടകീയമായ പാര്‍ട്ടിയിലെത്തിയ പി.സരിന്റെ പേരായിരന്നു ജില്ലാ കമ്മിറ്റി ആദ്യം നിര്‍ദേശിച്ചത്. വിജയ സാധ്യത കുറവായ പാലക്കാട് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സരിന്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. പിന്നീട് നഗരത്തിലെ പ്രമുഖ ഹോട്ടല്‍ ഉടമകളായ രണ്ടുപേരെയും ലോഹ വ്യാപാര രംഗത്തുള്ള ആളെയും സ്വതന്ത്രനാവണമെന്നാവശ്യപ്പെട്ട് സമീപിച്ചെങ്കിലും തുടക്കത്തില്‍ പ്രതികൂലമായിരുന്ന മറുപടി. നിലവില്‍ എന്‍.എം.ആര്‍ ഹോട്ടല്‍ ഉടമ റസാഖിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റില്‍ റസാഖിന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാകും.
