ഗവർണർക്കെതിരെ പ്രമേയം; ചെന്നിത്തല നൽകിയ നോട്ടീസ് കാര്യോപദേശക സമിതി തള്ളി

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യോഗത്തിന് ശേഷം നിയമമന്ത്രി എ കെ ബാലൻ പ്രതികരിച്ചു.

Update: 2020-01-31 05:15 GMT

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസാക്കിയ നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാനുള്ള പ്രമേയാവതരണത്തിന്  അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് തള്ളി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ അധ്യക്ഷനായ കാര്യോപദേശക സമിതിയാണ് നോട്ടീസ് തള്ളിയത്. ഈ തീരുമാനത്തോട് പ്രതിപക്ഷം വിയോജിച്ചു. ഇന്നു രാവിലെയാണ് സമിതി യോഗം ചേർന്നത്.

പ്രായോഗികവും നിയമപരവുമായി നോക്കിയാൽ പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം അനുവദിക്കാനാവില്ലെന്ന് യോഗത്തിൽ സര്‍ക്കാര്‍ നിലപാടെടുത്തു. നോട്ടീസ് ചട്ടപ്രകാരമല്ലെന്നും ഇത്തരമൊരു കീഴ് വഴക്കം കേരള നിയമസഭയിൽ ഇല്ലെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രികൂടിയായ നിയമമന്ത്രി എ കെ ബാലൻ യോഗത്തിൽ വ്യക്തമാക്കി. തിരിച്ച് വിളിക്കൽ പ്രമേയം അനുവദിച്ചാൽ അത് ഗവര്‍ണര്‍ക്ക് ഗുണമാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതേ നിലപാട് ആവർത്തിച്ച മുഖ്യമന്ത്രി, സമയക്കുറവും ചൂണ്ടിക്കാട്ടി. സർക്കാരിന് നല്ല തിരക്കുള്ള കാര്യപരിപടികളാണ് സഭയിലുള്ളത്. സർക്കാർ നിയമപരമായി മാത്രമേ കാര്യങ്ങൾ ചെയ്യുകയുള്ളൂവെന്ന് അറിയിച്ചു.

എന്നാൽ, ഇതിനെതിരേ കടുത്ത വിയോജിപ്പുമായി പ്രതിപക്ഷം രംഗത്തുവന്നു. ചട്ടപ്രകാരം തന്നെയാണ് നോട്ടീസ് നൽകിയതെന്നും ഇല്ലെന്ന് പറഞ്ഞാൽ അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വാദ പ്രതിവാദങ്ങളും നടന്നു. തിങ്കളാഴ്ച പ്രശ്നം സഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യോഗത്തിന് ശേഷം നിയമമന്ത്രി എ കെ ബാലൻ പ്രതികരിച്ചു.

Tags:    

Similar News