മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് കോടിയേരിയുടെ മകനുമായുള്ള ബന്ധം അന്വേഷിക്കണം: ചെന്നിത്തല

സംസ്ഥാന പോലിസ് നാർക്കോട്ടിക് സെൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Update: 2020-09-04 10:15 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കേസിലെ പ്രതികളുമായുള്ള  ബന്ധം മുഖ്യമന്ത്രി നിസ്സാരവൽക്കരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസ് സംഘവുമായി മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്. റമീസും അനൂപും നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്ത വന്നിട്ടുണ്ട്. ആ പ്രതികളുമായിട്ടാണ് സംസ്ഥാന സെക്രട്ടറിയുടെ മകന് ബന്ധം. ഇതുസംബന്ധിച്ച സത്യാവസ്ഥ പുറത്തുവരണം. സംസ്ഥാന പോലിസ് നാർക്കോട്ടിക് സെൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ബിനീഷുമായിട്ടുളള ബന്ധവും അടുപ്പവും പണമിടപാടുകളുമെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി തന്നെ സമ്മതിച്ചുവെന്നത് ഗൗരവമുളളതാണെന്നും ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതികൾ ഒളിവിൽ താമസിച്ചത് ബംഗളുരുവിലാണ്. സ്വപ്നയ്ക്ക് മയക്കുമരുന്ന് സംഘവുമായിട്ടുളള ബന്ധം പുറത്തുവരണം. ദിവസങ്ങൾ കഴിയുന്തോറും ആളുകളുടെ നെഞ്ചിടിപ്പ് വർധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇക്കാര്യം ഉദ്ദേശിച്ചാണോയെന്നും ആരുടെ നെഞ്ചിടിപ്പാണ് ഇപ്പോൾ വർധിച്ചതെന്നും ചെന്നിത്തല ചോദിച്ചു.

കോട്ടയം ജില്ലയിൽ നടന്ന നൈറ്റ് പാർട്ടിയെ കുറിച്ചുളള അന്വേഷണങ്ങൾ ഉണ്ടായില്ല. ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയുടെ മകന് ബന്ധമുളളതുകൊണ്ടാണോ പോലീസ് ഇത് അനുവദിച്ചുകൊടുക്കുന്നത്. ഗുരുതരമായ കളളക്കടത്ത് കേസുകളും മയക്കുമരുന്ന് വിതരണങ്ങളും പാർട്ടി യുടെ ആശീർവാദത്തോടെ നടക്കുന്നതുകൊണ്ടാണോ പോലിസ് അന്വേഷിക്കാത്തത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. സർക്കാരിന്റെ പ്രധാനപ്പെട്ട ജോലി മയക്കുമരുന്ന് വിപണനവും സ്വർണക്കളളക്കടത്തുമായി മാറുന്നു എന്നുളളത് കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിച്ച സംഭവമാണ്. 

Tags: