മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം കൊള്ളസംഘം ചൂഷണം ചെയ്തു; പുറത്തുവരുന്നത് ചീഞ്ഞുനാറിയ കഥകൾ: ചെന്നിത്തല

ഏത് പശ്ചാത്തലത്തിലാണ് സ്വപ്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ ചർച്ചകൾക്ക് വേണ്ടി നിയോഗിക്കപ്പെട്ടത്. സ്വർണക്കള്ളക്കടത്തിൽ മാത്രമല്ല, സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫിലും സ്വപ്നയുടെ പങ്കാളിത്തവും നേതൃത്വവും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

Update: 2020-08-18 11:00 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് സന്ദർശനത്തെ കൊള്ളസംഘം ഫലപ്രദമായി ചൂഷണം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എത്രമാത്രം മാത്രം ഗൗരവമുള്ളതാണ് സ്വർണക്കടത്തെന്ന് ഇഡി കോടതിയിൽ സമർപ്പിച്ചിരിക്കുന്ന വസ്തുകൾ പരിശോധിച്ചാൽ ബോധ്യപ്പെടും. രാജ്യാന്തര ബന്ധമുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഇത്തരം ഒരു കേസിന് സംസ്ഥാന സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി ബന്ധമുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 ഏത് പശ്ചാത്തലത്തിലാണ് സ്വപ്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ ചർച്ചകൾക്ക് വേണ്ടി നിയോഗിക്കപ്പെട്ടത്. സ്വർണക്കള്ളക്കടത്തിൽ മാത്രമല്ല, സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫിലും സ്വപ്നയുടെ പങ്കാളിത്തവും നേതൃത്വവും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന പിണറായി സർക്കാർ ചീഞ്ഞുനാറുകയാണ്. സാമ്പ്രാണിത്തിരി കത്തിച്ചുവെച്ചാൽ സുഗന്ധം വരില്ല, ലോകത്തുള്ള തൈലങ്ങൾ എല്ലാം ശേഖരിച്ച് പുരട്ടിയാലും അതിന് സുഗന്ധമുണ്ടാകില്ലെന്നും അത്രമാത്രം ചീഞ്ഞുനാറിയ കഥകളാണ് പുറത്തുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് മാത്രമേ ഉത്തരവാദിത്തമുള്ളു എന്നാണ് മുഖ്യമന്ത്രി തുടക്കം മുതൽ പറഞ്ഞത്. എന്നാൽ സംസ്ഥാന സർക്കാരിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിൽ ബന്ധമുണ്ടെന്നാണ് ഇഡി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ആരെല്ലാമുണ്ടെന്ന വസ്തുതയാണ് ഇനി പുറത്തു വരേണ്ടത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇതുവരെ ഒരു വിശദീകരണം നൽകിയിട്ടില്ല. ലൈഫ് പദ്ധതിയുമായി ഇവർക്കുള്ള ബന്ധമെന്താണെന്ന് ചോദിച്ച ചെന്നിത്തല ഇതിന്റെ കമ്മീഷൻ എവിടെപ്പോയി എന്നത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

Tags: